തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സമവായ ശ്രമവുമായി സിപിഐ. കാനം രാജേന്ദ്രനും പന്ന്യനും രവീന്ദ്രനും ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി വി.എസ് സുനില്‍ കുമാര്‍ മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസ മന്ത്രിയുമായും ചര്‍ച്ച നടത്തി.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കണമെന്നാണ് സിപിഐയുടെ ആവശ്യം. എസ്‌എഫ്‌ഐയെ മാത്രം വിളിച്ച് ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത് ശരിയല്ല. ഈ വിഷയത്തില്‍ സുതാര്യത വേണം. സര്‍ക്കാര്‍ തങ്ങള്‍ക്ക് പിന്തുണയുമായി ഉണ്ടെന്ന ധാര്‍ഷ്ട്യമാണ് ലോ അക്കാദമി മാനേജുമെന്റിന് ഉള്ളതെന്നും സിപിഐ നേതാക്കള്‍ കോടിയേരിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തിയത്.
ഇന്നത്തെ ചര്‍ച്ചയില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ലോ അക്കാദമിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.
















