തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത സ്ഥാപിക്കുന്നതിനോട് ജനങ്ങള്‍ പരിപൂര്‍ണമായി യോജിക്കുന്നുവെന്ന് സര്‍വേ. കേരള ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന് വേണ്ടി റിസര്‍ച്ച് സ്ഥാപനമായ സി-ഫോര്‍ ആണ് സര്‍വേ നടത്തിയത്.
അതിവേഗ റെയില്‍പ്പാത നിര്‍മിക്കുന്നതിന് വന്‍ജനപിന്തുണയുണ്ടെന്ന് സി-ഫോര്‍ സിഇഒ പ്രേംചന്ദ് പലേട്ടിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിവേഗ റെയില്‍പാത കടന്നു പോകുന്ന തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള 11 ജില്ലകളിലാണ് സര്‍വേ നടത്തിയത്. 2016 നവംബര്‍ 23 മുതല്‍ 2017 ജനുവരി 14 വരെ നടത്തിയ സര്‍വേയില്‍ 88 ശതമാനം പേര്‍ പദ്ധതിയെ അനുകൂലിക്കുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 110 നിയോജകമണ്ഡലങ്ങളിലായി 13,447 പേര്‍ സര്‍വേയില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി. ഇവരില്‍ 73 ശതമാനം ജനങ്ങള്‍ അതിവേഗ റെയില്‍പ്പാതയെക്കുറിച്ച് അറിവുള്ളവരായിരുന്നു. പദ്ധതി പരിചയമില്ലാതിരുന്നവരോട് അതിവേഗ റെയില്‍വേയുടെ ലക്ഷ്യം വിവരിച്ചുകൊടുക്കുകയും ചെയ്തു.
ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് ശരാശരി 100 മുതല്‍ 200 വരെ പേര്‍ പങ്കെടുത്തു. വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുത്തവരില്‍ 49 ശതമാനവും സ്ത്രീകളാണ് പങ്കെടുത്തത്. പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ വിലയിരുത്തുന്നു. അന്തരീക്ഷ-ശബ്ദ മലിനീകരണങ്ങള്‍ കുറക്കാനാകുമെന്നതും ദീര്‍ഘദൂര യാത്രക്ക് സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറക്കാമെന്നതുമാണ് പദ്ധതിയെ അംഗീകരിച്ച് കൂടുതല്‍പേര്‍ രംഗത്തെത്തിയതെന്നും പ്രേംചന്ദ് പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടം നേരിടുന്നവരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇക്കാര്യം പരിഹരിച്ചാല്‍ ജനങ്ങള്‍ പദ്ധതിയെ പൂര്‍ണമായി അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















