തിരുവനന്തപുരം: ഡോക്ടര്‍മാരുടെ അശ്രദ്ധയോ ഓപ്പറേഷന്‍ തീയേറ്ററിലെ അപാകതകളോ മെഡിക്കല്‍ സയന്‍സിലെ പിഴവുകളോ കാരണം വൈകല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ഇത്തരം കുഞ്ഞുങ്ങളെ രക്ഷകര്‍ത്താക്കളുടെ മാത്രം ബാധ്യതയാക്കി അവഗണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് നിലവിലുള്ള നിയമവ്യവസ്ഥകളില്‍ ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലുകളോ അനിവാര്യമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം.
എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന പ്രസവത്തിനിടയിലെ വീഴ്ചയെ തുടര്‍ന്ന് നവജാത ശിശുവിന് സെറിബ്രല്‍ പാള്‍സി ബാധിച്ച സംഭവത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മലപ്പുറം സ്വദേശിനിയുടെ പ്രതികരണശേഷി നഷ്ടപ്പെട്ട കുഞ്ഞിന്റെ തുടര്‍ചികിത്സയ്‌ക്ക് സര്‍ക്കാര്‍ അടിയന്തര സമാശ്വാസനടപടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പരാതിക്കാരിയും ഭര്‍ത്താവും പട്ടികജാതിക്കാരും കൂലിപ്പണിക്കാരുമാണ്. കുഞ്ഞിന് തുടര്‍ചികിത്സയ്‌ക്കുള്ള പണം കണ്ടെത്തുന്നതിന് അശക്തരായ ഇവര്‍ വിവിധ അധികാരസ്ഥാനങ്ങളില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ്, സാമൂഹ്യനീതി, പട്ടികജാതി വകുപ്പ് ഡയറക്റ്റര്‍മാരും കളക്ടറും അവരുടെ ചുമതല നിര്‍വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നവജാതശിശുവിന് സെറിബ്രല്‍ പാള്‍സിയുണ്ടാകാനുള്ള കാരണം മെഡിക്കല്‍ ബോര്‍ഡിന് കണ്ടെത്തായില്ല. മെഡിക്കല്‍ സയന്‍സിലെ അവിചാരിത സാധ്യതയെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ജീവിതാവസാനം വരെ കുഞ്ഞ് ചലനമില്ലാതെ കിടക്കേണ്ടിവരുമെന്ന് മെഡിക്കല്‍ കോളേജിലെ വിദഗ്‌ദ്ധര്‍ പറഞ്ഞതായി പരാതിയിലുണ്ട്. പ്രസവസമയത്ത് കൃത്യമായി ഡോക്ടറെ കണ്ടുകൊണ്ടിരുന്ന തന്നോട് ഒരുഘട്ടത്തിലും കുഞ്ഞിന് ഇത്തരമൊരു കുഴപ്പമുള്ളതായി ഡോക്ടര്‍ പറഞ്ഞിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനങ്ങള്‍ ആവശ്യമെങ്കില്‍ ഉന്നതതല പുനരനേ്വഷണത്തിന് വിധേയമാക്കണം.
‘വികലാംഗര്‍’ അംഗപരിമിതരാക്കണം
തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ അംഗപരിമിതര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഇരിപ്പിടങ്ങള്‍ക്ക് മുകളില്‍ വികലാംഗര്‍ എന്ന് എഴുതിയിരിക്കുന്നത് അംഗപരിമിതര്‍ എന്നാക്കി മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റേതാണ് ഉത്തരവ്. കെഎസ്ആര്‍ടിസി ബസുകളില്‍ അംഗപരിമിതര്‍ എന്നാണ് എഴുതാറുള്ളതെന്നും സ്വകാര്യ ബസുകള്‍ ഇതേ മാതൃക പിന്തുടരാത്തത് അവഹേളനപരമാണെന്നും അരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സമൂഹത്തിലെ വിഭിന്നശേഷിക്കാരുടെ മനുഷ്യാവകാശങ്ങളെ സാനുഭാവം പരിഗണിക്കണമെന്ന് കമ്മീഷന്‍ ഗതാഗത സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സി.സി. സുരേഷ് ചെമ്മനാടന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
















