തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്ക് ജയില്‍ അധികൃതര്‍ക്ക് ഡിജിപിയുടെ കടുത്ത ശാസന. ജയില്‍ ഡിജിപി ആര്.ശ്രീലേഖയാണ് ഇന്നലെ മിന്നല്‍ സന്ദര്‍ശനത്തിന് വിയ്യൂര്‍ ജയിലില്‍ എത്തിയത്.
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ അനധികൃത സുഖസൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന പരാതി ഡിജിപി പരിശോധിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് ജയില്‍ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടി.പി.വധക്കേസിലെ പ്രതികളില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും ബാറ്ററികളും പിടിച്ചെടുത്തിരുന്നു. സിപിഎം തടവുകാര്‍ക്ക് ജയിലില്‍ അനര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ട്.
സൂപ്രണ്ടും വാര്ഡന്മാരുമല്ല ജയില്‍ ഭരിക്കുന്നത് സിപിഎം തടവുകാരാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഗുണ്ടകളായ ക്രിമിനലുകള്‍ മറ്റ് തടവുകാരെ ശാരീരികമായി ഉപദ്രവിക്കുന്നതായും പരാതിയുണ്ട്. ജയിലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജയില്‍ ജീവനക്കാരുടെ ഹാജര്ബുക്ക്, മറ്റ് ജയില്‍ രേഖകള്‍ തുടങ്ങിയവയും ഡിജിപി പരിശോധിച്ചു.
ഇന്നലെ രാവിലെ 11ഓടെ ജയിലിലെത്തിയ ഡിജിപി ആര്. ശ്രീലേഖ മണിക്കൂറുകള്‍ നീണ്ട പരിശോധനക്ക് ശേഷമാണ് മടങ്ങിയത്. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
















