കൊച്ചി: സ്വവര്‍ഗ്ഗ ലൈംഗികതയാകാമെന്നും നിയമവിധേയമാക്കണമെന്നും ഡിവൈഎഫ്‌ഐ. അഖിലേന്ത്യാ സമ്മേളനം അംഗീകരിച്ച പ്രമേയം, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നു. സ്വവര്‍ഗ്ഗ ലൈംഗികതക്ക് കേസെടുക്കുന്ന ഐപിസി 377 -ാം വകുപ്പ് റദ്ദാക്കണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യമെന്ന് അഖിലേന്ത്യാദ്ധ്യക്ഷന്‍ എം.ബി. രാജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്വകാര്യ മേഖലയിലും സംവരണനിയമം നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി ചെയ്യുക, കോളെജ് കാമ്പസുകളില്‍ പിന്നാക്ക വിഭാഗത്തിനെതിരേയുള്ള അക്രമം തടയാന്‍ പുതിയ നിയമം-രോഹിത് വെമുല ആക്ട്, നിര്‍മ്മിക്കുക, തൊഴില്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമുതല്‍ മുടക്ക് വര്‍ദ്ധിപ്പിക്കുക എന്നീ പ്രമേയങ്ങള്‍ അംഗീകരിച്ചു.
സംഘടനയ്‌ക്ക്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ സ്ഥിര വളര്‍ച്ച ഉണ്ടാകാത്തതിന് സമ്മേളനത്തില്‍ നടന്ന ചര്‍ച്ച നേതാക്കളെ കുറ്റപ്പെടുത്തി. ഇത് സ്ഥിരീകരിച്ച പ്രസിഡന്റ്, സംഘടനാ നേതാക്കള്‍ക്ക് പല ചുമതലകള്‍ ഉള്ളതും മുഴുസമയ പ്രവര്‍ത്തകരായി ആളുകളെ കിട്ടാത്തതും ഉള്ളവര്‍ക്ക് വേണ്ടുന്ന പ്രതിഫലം കൊടുക്കാത്തതുമാണ് കാരണമെന്ന് വിശദീകരിച്ചു.
സ്വത്വ രാഷ്‌ട്രീയത്തിന്റെ പേരില്‍ ചെറു സംഘടനകള്‍ ഉണ്ടാകുന്നത് വിശാല താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത്തരം സംഘടനകള്‍ ഡിവൈഎഫ്‌ഐയുടെ ഉപ സംഘടനയായി അംഗീകരിക്കാന്‍ തയ്യാറാണെന്നും എം. ബി. രാജേഷ് വിശദീകരിച്ചു.
















