തിരുവനന്തപുരം: സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ദാസനെതിരെ ഗുരുതര കണ്ടെത്തലുകളാണ് എഫ്‌ഐആറിലുള്ളത്. അന്നത്തെ കൗണ്‍സില്‍ സെക്രട്ടറി ടെഗ്ഗി ഐഎഫ്എസ് രണ്ടാം പ്രതിയാണ്.
സപോര്‍ട്‌സ് ലോട്ടറിയില്‍നിന്ന് സമാഹരിച്ച തുകയില്‍ ഒരു രൂപപോലും കായിക വികസനത്തിന് വിനിയോഗിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അഴിമതി വെളിച്ചത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കായികതാരങ്ങളായ അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ്, ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കഴിഞ്ഞ ജൂലൈ 14നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്പോര്‍ട്സ് ലോട്ടറിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ പൂര്‍ണമായും ശരിവയ്‌ക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
കായികമേഖലയുടെ വികസനത്തിന് 400 കോടി സമാഹരിക്കുക എന്ന ലക്ഷ്യവുമായി 2006 നവംബറിലാണ് സ്പോര്‍ട്ട്സ് ലോട്ടറി ആരംഭിച്ചത്. എന്നാല്‍ ലോട്ടറിയിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നത്. എന്നാല്‍ ഇതിന് കൃത്യമായ രേഖകളോ കണക്കുകളോ ഇല്ല.
പ്രമുഖ വ്യവസായി സി.കെ. മേനോന്‍ 25 ലക്ഷം രൂപ ലോട്ടറിക്ക് നല്‍കിയിരുന്നു. അദ്ദേഹത്തിനുള്ള 25,000 ടിക്കറ്റുകളുടെ കാര്യത്തില്‍ വ്യക്തതയില്ല. കമ്മീഷന്‍ ഇനത്തില്‍ സി കെ മേനോന് ലഭിക്കേണ്ട അഞ്ചുലക്ഷം രൂപയുടെ കാര്യവും അവ്യക്തമാണ്.
ഗള്‍ഫ് മേഖലയില്‍ ടിക്കറ്റ് വിറ്റഴിച്ച പി.പി. ഖാലിദിന് നോണ്‍പ്ലാന്‍ ഫണ്ടില്‍നിന്നും വിമാനക്കൂലിയായി 75,440 രൂപ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്.
കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നാളെ പരിഗണിക്കും.
















