തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ ജേക്കബ് തോമസിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നാണ്റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
ജേക്കബ് തോമസിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥാരടങ്ങിയ സംഘത്തെക്കൊണ്ട് അന്വേഷിക്കുക, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തണം എന്നതാണ് പ്രധാന ആവശ്യങ്ങള്‍. ജേക്കബ് തോംസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ആഗോള ടെണ്ടര്‍ ഒഴിവാക്കിക്കൊണ്ട് ഡ്രഡ്ജര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വാങ്ങി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി, ദല്‍ഹിയിലുള്ള ഒരു സ്വകാര്യ വ്യക്തി വഴി പണം തട്ടിയെടുക്കന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് ഐഎഎസ് അസോസിയേഷന്റെ പരാതി. കെ.എം എബ്രഹാമിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കാണ് ആദ്യം കൈമാറിയത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാമെന്ന കുറിപ്പോടെ ചീഫ് സെക്രട്ടറി, ഫയല്‍ മുഖ്യമന്ത്രിക്ക് തന്നെ കൈമാറുകയായിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ അഭിപ്രായം മുഖ്യമന്ത്രി തേടിയത്.
















