കോഴിക്കോട്: ജപ്തി ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ആര്‍ബിഐ ഉദ്യോഗസ്ഥരുമായും വിവിധ ബാങ്ക് മേധാവികളുമായും ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ഭാരവാഹികള്‍ ചര്‍ച്ച നടത്തി.
എസ്ബിഐ ഡിജിഎം അരവിന്ദ്, എസ്ബിടി ഡിജിഎം ഡി. വാസു, സിന്‍ഡിക്കറ്റ് ബാങ്ക് ഡിജിഎം കെ. വത്സകുമാര്‍, ആര്‍ബിഐ എജിഎം എസ് സൂരജ്, ശരവണന്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തു. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ഫിഷറീസ് വകുപ്പുമായി ചര്‍ച്ച ചെയ്ത് അനുഭാവപൂര്‍ണ്ണമായ ഒരു തീരുമാനം ഉണ്ടാക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ സാന്നിദ്ധ്യത്തില്‍ യോഗം വിളിക്കാന്‍ ലീഡ് ബാങ്ക് മാനേജരെ ആര്‍ബിഐ ചുമതലപ്പെടുത്തി.
ജപ്തി ഭീഷണി നേരിടുന്നവരുടെ വിവരങ്ങളും രേഖകളും ബാങ്ക് മേധാവികള്‍ക്കും ആര്‍ബിഐ ഉദ്യോഗസ്ഥര്‍ക്കും നല്‍കി. ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, സമര സമിതി കണ്‍വീനര്‍ കെ. രജനീഷ് ബാബു, ജോയന്റ് കണ്‍വീനര്‍ പി. പീതാംബരന്‍, താലൂക്ക് സെക്രട്ടറി പ്രീജിത്ത്, നാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















