മാനന്തവാടി: സംസ്ഥാനത്തെ രാസവളം, കീടനാശിനി വില്‍പന ശാലകള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വിതരണക്കാര്‍ സമരത്തിനൊരുങ്ങുന്നു. കീടനാശിനികള്‍ വില്‍ക്കുന്ന കടകളില്‍ അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരെ ജോലിക്ക് നിയോഗിക്കുകയോ ഉടമ യോഗ്യത നേടുകയോ ചെയ്യണമെന്നാണ് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ഈ യോഗ്യതയില്ലാത്തവര്‍ ജോലി ചെയ്യുന്ന വളം- കീടനാശിനി ഡിപ്പോകള്‍ക്ക് മാനദണ്ഡം പാലിക്കുന്നതിനു രണ്ട് വര്‍ഷം വരെ സാവകാശം നല്‍കുകയും ചെയ്തിരുന്നു.
മതിയായ യോഗ്യതയില്ലാതെ പുതുതായി അപേക്ഷനല്‍കിയ കീടനാശിനി വില്‍പനശാലകള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നില്ല. നേരത്തെ ഉണ്ടായിരുന്ന കീടനാശിനി വില്‍പന കേന്ദ്രങ്ങളുടെ ലൈസന്‍സ് കാലാവധി ഈ വര്‍ഷാവസാനത്തോടെ അവസാനിക്കുകയും ചെയ്യും. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ പാത പിന്‍പറ്റി സംസ്ഥാന സര്‍ക്കാരും കീടനാശിനി വില്‍പനയ്‌ക്ക് പുറമെ രാസവളം വില്‍പനയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്. ഇതോടെ ഈ മേഖലയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് വളം ഡിപ്പോ ഉടമകള്‍ പറയുന്നു.
റെഡ് കാറ്റഗറിയിലുള്ള കീടനാശിനികളുടെ വില്‍പനയ്‌ക്ക് കൃഷി ഓഫീസറുടെ കുറിപ്പടി സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. മാരകമായ കീടനാശിനികളുടെ പ്രയോഗം മണ്ണിന്റെ നാശത്തിനിടയാക്കുന്ന സാഹചര്യത്തിലാണിത്. ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നതിന് സ്‌പെഷ്യല്‍ സ്‌ക്വാഡിനെയും നിയോഗിച്ചു. ഈ പശ്ചാത്തലത്തിലാണ് കേരള അഗ്രോ ഇന്‍പുട്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
















