ന്യൂദല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് എംപിയെ കാണാന്‍ മക്കളെ അനുവദിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് രാം മനോഹര്‍ ലോഹ്യ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്.. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അഹമ്മദിനെ മകളും മകനും കണ്ടിരുന്നു.
ചികിത്സാ വിവരങ്ങളും ആരോഗ്യസ്ഥിതിയും മകളോട് വിശദീകരിച്ചതായും സൂപ്രണ്ട് ഡോ. എ. കെ. ഗഡ്പയലെ പറഞ്ഞു.
ആരോപണങ്ങളില്‍ വിഷമമുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ കാണാന്‍ രാവിലെ ഏഴിനും രാത്രി ഏഴിനും മാത്രമാണ് സന്ദര്‍ശകരെ അനുവദിക്കാറുള്ളത്.
പ്രത്യേക വിഷയമായി പരിഗണിച്ചാണ് മക്കള്‍ക്ക് അനുമതി നല്‍കിയത്. മകളുമായി നല്ല രീതിയില്‍ സംസാരിച്ചാണ് പിരിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
















