തിരുവനന്തപുരം: കേരളീയ വാദ്യകലകളായ പഞ്ചവാദ്യം, ഇടയ്‌ക്ക, തായമ്പക എന്നിവയുടെ കുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പല്ലാവൂരിന്റെ സ്മൃതി ദിനത്തില്‍ സാംസ്‌ക്കാരിക വകുപ്പ്, ക്ഷേത്ര വാദ്യകലയില്‍ ഗുരുസ്ഥാനീയരായ അറുപത് വയസു പിന്നിട്ട കലാകാരന് നല്‍കിവന്നിരുന്ന പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌ക്കാരം ഈ വര്‍ഷം ആര്‍ക്കും നല്‍കിയില്ല.
മേളപ്പെരുമയിലൂടെ ജനഹൃദയം കീഴടക്കിയ പല്ലാവൂര്‍ ത്രയങ്ങളിലെ മൂത്തയാളും അവസാന കണ്ണിയുമായ അപ്പുമാരാര്‍ 2002 ലാണ് മരിച്ചത്. അന്നത്തെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി അന്തരിച്ച ജി.കാര്‍ത്തികേയനാണ് പല്ലാവൂരിന്റെ സ്മരണ നിലനിര്‍ത്തന്‍ ഈ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് പ്രധാന പുരസ്‌ക്കാരങ്ങളില്‍ ഒന്നും വാദ്യകലാകാരന്മാര്‍ക്കായുള്ള ഏക അവാര്‍ഡുമാണിത്.
പല്ലാവൂരിന്റെ ജന്മനാടായ പഴമ്പാലക്കോട് ഉള്‍പ്പെടുന്ന തിരൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എ.കെ ബാലന്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയായി തുടരുമ്പോഴാണ് ഈ അവഗണനയെന്നത് വാദ്യകലാകാരന്മാരെ ഏറെ വേദനിപ്പിക്കുന്നതായി. ഇതിലും നന്നായി പല്ലാവൂരിനെ അപമാനിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് അദ്ദേഹത്തിന്റെ ദത്തുപുത്രനും പ്രശസ്ത ഇടക്ക വിദ്വാനുമായ പ്രകാശന്‍ പഴമ്പാലക്കോട് പ്രതികരിച്ചു.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ ഭരണകാലത്ത് എം.എ ബേബി സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയായിരുന്നപ്പോഴും പല്ലാവൂര്‍ പുരസ്‌ക്കാരത്തിന്റെ മാനദണ്ഡങ്ങള്‍ പൊളിച്ചെഴുതിയത് വിവാദമായിരുന്നു. ഒരാള്‍ക്ക് നല്‍കിവന്ന പുരസ്‌ക്കാരം 50,000 രൂപ വീതമാക്കി രണ്ടുപേര്‍ക്കായി വീതിച്ചു നല്‍കി, അറുപത് വയസില്‍ താഴെയുള്ള കമ്യൂണിസ്റ്റ് സഹയാത്രികനായ തൃപ്പൂണിത്തുറക്കാരന് പല്ലാവൂര്‍ പുരസ്‌ക്കാരം നല്‍കി, സാംസ്‌ക്കാരിക വകുപ്പില്‍ നിന്ന് പുരസ്‌ക്കാരം നല്‍കാന്‍ കലാമണ്ഡലത്തെ ചുമതലപ്പെടുത്തി. ഇങ്ങനെ പല്ലാവൂര്‍ പുരസ്‌ക്കാരത്തെ പല രീതിയില്‍ അപമാനിക്കാന്‍ ശ്രമം നടന്നു. അന്നൊക്കെ പല്ലാവൂരിന്റെ ബന്ധുക്കളും ശിഷ്യരും കലാകാരന്മാരും സര്‍ക്കാരിനെതിരെ പ്രതിക്ഷേധമുയര്‍ത്തി. അതോടെ തിരുത്തലുകള്‍ ഉപേക്ഷിച്ച് 2015 വരെ വലിയ പ്രശ്‌നങ്ങളില്ലാതെ പുരസ്‌ക്കാരം നല്‍കിവരികയായിരുന്നു.
എല്ലാ വര്‍ഷവും നവംബറില്‍ പ്രഖ്യാപിച്ച്, ഡിസംബറില്‍ പുരസ്‌ക്കാരം വിതരണം ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇക്കുറി ഈ പതിവ് സര്‍ക്കാര്‍ തെറ്റിക്കുകയായിരുന്നു. ആദ്യ പല്ലാവൂര്‍ പുരസ്‌ക്കാരം 2003 ല്‍ ചക്കംകുളം അപ്പുമാരാര്‍ക്കായിരുന്നു. 2015 ല്‍ കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ക്കും.
















