തിരുവനന്തപുരം: ആറുമാസത്തിനിടെ രണ്ടാമത്തെ വാര്‍ഷികസമ്മേളനം നടത്താന്‍ ഒരുങ്ങിയ കേരള ഫയര്‍ സര്‍വീസ് അസോസിയേഷന് തിരിച്ചടി. വന്‍ അഴിമതിക്കും ക്രമക്കേടിനും തുടക്കമിട്ട പരിപാടി ആഭ്യന്തരവകുപ്പ് ഇടപെട്ടതോടെ റദ്ദാക്കി. ആറുമാസത്തിനിടെ അസോസിയേഷന്‍ രണ്ടാംവാര്‍ഷികസമ്മേളനം നടത്താന്‍ പോകുന്ന വാര്‍ത്ത ജനുവരി 23ന് ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
2016 സപ്തംബര്‍ അഞ്ചിന് എറണാകുളത്ത് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി ഓഫീസിലാണ് 34-ാം വാര്‍ഷികസമ്മേളനം നടന്നത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന ഈ സമ്മേളനത്തില്‍ അസോസിയേഷന്റെ തലപ്പത്ത് ഭാരവാഹിമാറ്റവും ഉണ്ടായി. നിലവിലെ ഭാരവാഹികളെ കാലാവധി തികയും മുമ്പ് മാറ്റി സിപിഎം അനുകൂല ഭാരവാഹികള്‍ അന്ന് ചുമതലയേല്‍ക്കുകയായിരുന്നു. ഈ സമ്മേളനം നടന്ന് ആറുമാസം തികയുമ്പോഴേക്കും തിരുവനന്തപുരത്ത് വിജെടി ഹാളില്‍ ഫെബ്രുവരി 14 ന് 35-ാം വാര്‍ഷികസമ്മേളനം സംഘടിപ്പിക്കാന്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു.
സമ്മേളനത്തിന്റെ പേരില്‍ വന്‍പിരിവാണ് അസോസിയേഷന്‍ നടത്തിവന്നിരുന്നത്. എറണാകുളത്തെ ആസ്ഥാനം നിലനില്‍ക്കെ തിരുവനന്തപുരത്ത് മറ്റൊരു ആസ്ഥാനം കൂടി നിര്‍മിക്കണമെന്ന അജണ്ട മുന്നില്‍ വച്ച് ജീവനക്കാരില്‍ നിന്ന് 2000 രൂപവീതം പിരിക്കാനായിരുന്നു ലക്ഷ്യം.
കൂടാതെ ഫ്‌ളാറ്റ് ഉടമകള്‍, ജുവലറികള്‍, വന്‍കിട ആശുപത്രികള്‍, സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വന്‍തുക പിരിച്ചെന്നും പറയപ്പെടുന്നു. ജീവനക്കാരില്‍ നിന്നടക്കം അസോസിയേഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവും വിയോജിപ്പും ഉയര്‍ന്നു. ഇതെല്ലാം കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പ് ഇടപെട്ട് സമ്മേളനം റദ്ദാക്കാന്‍ അസോസിയേഷനില്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
















