അമ്പലപ്പുഴ: സ്വകാര്യ ബസിന്റെ അമിത വേഗതയില്‍ നഷ്ടമായത് യുവതിയുടെ വിലപ്പെട്ട ജീവന്‍. ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ പുന്നപ്ര അറവുകാട് സ്‌കൂളിനു സമീപമാണ് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി യുവതി അതിദാരുണമായി മരിച്ചത്.
പുന്നപ്ര കാര്‍മല്‍ സ്‌ക്കൂളിലെ ജീവനക്കാരിയായ യുവതി താന്‍ സഞ്ചരിച്ച സ്‌ക്കൂട്ടര്‍ നിര്‍ത്തി എതിര്‍ദിശയിലേയ്‌ക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് അമിതവേഗതയില്‍ എത്തിയ ഹസ്ബി എന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചത്. യുവതി തെറിച്ച് റോഡില്‍ കിടക്കുന്നു എന്നറിഞ്ഞിട്ടും നിര്‍ത്താതെ പോയ ബസിനെ പോലിസുകാരാണ് തടഞ്ഞു നിര്‍ത്തിയത്.
കഴിഞ്ഞ കുറെ നാളുകളായി ഇരട്ടക്കുളങ്ങര, കഞ്ഞിപ്പാടം ഭാഗങ്ങളില്‍ ഓടുന്ന ബസുകളുടെ അമിത വേഗത ജനങ്ങളെ മരണഭീതിയില്‍ ആഴ്‌ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വന്ന ബസ് അമിതവേഗതയില്‍ തിരിക്കുന്നതിനിടെ കഞ്ഞിപ്പാടത്ത് തോട്ടിലേയ്‌ക്ക് മറിഞ്ഞിരുന്നു. ഭാഗ്യം കൊണ്ടാണ് നിരവധി കുരുന്നുകളുടെ ജീവന്‍ നഷ്ടപ്പെടാതിരുന്നത്.
ട്രാഫിക് നിയമങ്ങള്‍ക്കും ജീവനും യാതൊരു വിലയും കല്പിക്കാതെയുള്ള ഡ്രൈവറന്മാരുടെ മത്സര ഓട്ടത്തിനെതിരെ നടപടി എടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയാറാകാത്തതും ഇത്തരക്കാര്‍ക്ക് സഹായകമായി. പല ബസുകളിലും ജീവനക്കാര്‍ പരസ്യമായി യാത്രക്കാരെ ശല്യം ചെയ്യുന്ന സംഭവങ്ങള്‍ പോലും ഉണ്ടാകുന്നു.
ചില മത തീവ്രവാദ സംഘടകളുമായി ബന്ധമുള്ള ഇത്തരം ഡ്രൈവറന്മാര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മടിക്കുന്നതാണ് വിലപ്പെട്ട ജീവനുകള്‍ റോഡില്‍ പൊലിയാന്‍ ഇടയാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
















