മട്ടന്നൂര്‍: നടുവനാട് സിപിഎം ബോംബാക്രമണം നടത്തുകയും ആര്‍എസ്എസ് കാര്യാലയം പൂര്‍ണ്ണമായും തകര്‍ത്തു തീയിടുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്. നിസ്സാരമായ വകുപ്പുകള്‍ ചേര്‍ത്താണ് സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന മട്ടന്നൂര്‍ പോലീസ് ഈ സംഭവത്തില്‍ കേസെടുത്തിട്ടുള്ളത്. സംഭവ ദിവസം ക്രൂരമായി മര്‍ദ്ദനമേറ്റ കാളാന്തോടിലെ ബസ് ക്ലീനറായ രാജേഷിനെ കേള്‍വി ശക്തി നഷ്ടപ്പെട്ട് മംഗലാപുരത്ത് വിദഗ്‌ദ്ധ ചികിത്സക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിന് കേസെടുക്കേണ്ട സംഭവമായിട്ടും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാന്‍ മട്ടന്നൂര്‍ പോലീസ് തയ്യാറായിട്ടില്ല. ആര്‍എസ്എസ് നേതാവ് ജിതേഷിന്റെ വീടിനു കല്ലെറിഞ്ഞ സംഭവത്തിലും, മറ്റൊരു പ്രവര്‍ത്തകന്‍ എന്‍.കെ.ചന്ദ്രന്റെ വീട്ടില്‍ കയറി സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും പരാതി കൊടുത്തെങ്കിലും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാനോ ഒന്നന്വേഷിക്കുവാനോ പോലും പോലീസ് തയ്യാറായില്ല. പ്രതികളെല്ലാം പരസ്യമായി ഇറങ്ങി നടക്കുകയാണ്. ഇത് പോലീസില്‍ അറിയിച്ചാല്‍ ഞങ്ങള്‍ ചെയ്യേണ്ടത് ഞങ്ങള്‍ ചെയ്യുന്നുണ്ട് എന്നാണു ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ലാഘവത്തോടെയുള്ള മറുപടി. ജനുവരി 26 നു രാത്രിയില്‍ നടന്ന സംഭവത്തില്‍ ഒരാഴ്ച പിന്നിടുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സംഘപരിവാര്‍ സംഘടനകള്‍.
















