തലശ്ശേരി: സിപിഎം അനുകൂല നിലപാട് പോലീസ് ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം അഭിപ്രായപ്പെട്ടു. മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടത്തിയ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുമ്പോള്‍ നീതി ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പരാതിക്കാരനെ പ്രതിയാക്കുന്ന നടപടിയാണ് പിണറായിയുടെ പോലീസ് സ്വീകരിച്ചുവരുന്നത്. പോലീസിന്റെ അലംഭവമാണ് അണ്ടല്ലൂരില്‍ പാവപ്പെട്ട സന്തോഷ് കൊലചെയ്യപ്പെടാന്‍ കാരണമായത്. സിപിഎം അക്രമിസംഘം മാരകായുധങ്ങളുമായി ധര്‍മ്മടം പഞ്ചായത്തില്‍ കറങ്ങുന്നുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് വിവരം നല്‍കിയിരുന്നു. എന്നാല്‍ പോലീസ് അത് അറിഞ്ഞഭാവം നടിച്ചില്ല. അതുകൊണ്ടാണ് വീട്ടില്‍ തനിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന സന്തോഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ സിപിഎം ക്രിമിനല്‍ സംഘത്തിന് സാധിച്ചത്. പൗരന്‍മാര്‍ക്ക് നീതി നല്‍കേണ്ട പോലീസ് സേന സംസ്ഥാന വ്യാപകമായി സിപിഎം അനുകൂല നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇത് പൊറുപ്പിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇതിനെതിരെ ജനമനസ്സാക്ഷി ഉണര്‍ത്തുന്നതിനായാണ് ഇതുപോലെ സംസ്ഥാന വ്യാപകമായി രക്തസാക്ഷി ദിനത്തില്‍ കൂട്ടസത്യഗ്രഹം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസിനെപ്പറ്റി പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്നത് ഈ പരിപ്പ് ഇവിടെ വേവില്ല എന്നായിരുന്നു. എന്നാല്‍ ആ പരിപ്പ് ഇന്ന് വെന്തുതുടങ്ങിയിരിക്കുന്നുവെന്നും അത് വേവിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ മക്കള്‍ തന്നെയാണെന്നത് സിപിഎമ്മുകാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.കെ.പ്രേംദാസ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ ഡോ.എന്‍.ആര്‍.മധു മുഖ്യപ്രഭാഷണം നടത്തി. കെ.കെ.വിനോദ് കുമാര്‍, സജീവന്‍ എന്നിവര്‍ സംസാരിച്ചു. ഒ.എം.സജിത്ത് സ്വാഗതവും എ.പി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.
















