തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്‌ക്കില്ലെന്നും അച്ഛന്‍ പറഞ്ഞാല്‍ മാത്രം സ്ഥാനത്തു നിന്ന് മാറി നില്‍ക്കാമെന്നും ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍. അച്ഛന്‍ അക്കാദമി ഡയറക്ടറാണ്.
അതിനാല്‍ അദ്ദേഹം പറഞ്ഞാല്‍ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാം. ആരുടെയും ഔദാര്യത്തിലല്ല താന്‍ പ്രിന്‍സിപ്പലായത്. തന്നോട് സ്ഥാനത്തു നിന്ന് ഒഴിയണമെന്നു പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലക്ഷ്മീനായര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തനിക്കെതിരെ നടപടി വന്നാല്‍ നിയമപരമായി നേരിടും. ഉറച്ച മനസ്സുള്ള സ്ത്രീയായ തനിക്ക് ആരെയും ഭയമില്ല. എന്താണ് ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ട്. നന്മയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. ഇപ്പോള്‍ നടക്കുന്ന സമരം 250 കുട്ടികളുടെതു മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം ലോ അക്കാദമി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിവേദനം നല്‍കി. സമരം ഇത്രയും നാള്‍ നീണ്ടിട്ടും വിദ്യാഭ്യാസമന്ത്രിക്ക് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാലാണ് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.
















