എരുമേലി: ശബരിമലയില്‍ കാണിക്കപ്പണം എണ്ണാനെത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദികളായ ദേവസ്വം ബോര്‍ഡ് – വനം വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവല്ല തെള്ളിയൂര്‍ കണ്ണന്‍ചിറ ദേവസ്വത്തിലെ വാച്ചറായ സുരേന്ദ്രപ്രസാദാണ് (57) കഴിഞ്ഞ ദിവസം മരിച്ചത്.
തീര്‍ത്ഥാടന വേളയില്‍ ലഭിച്ച കാണിക്കപ്പണം യഥാസമയം എണ്ണി തീര്‍ക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ കാട്ടിയ ഗുരുതരമായ വീഴ്ചയാണ് ദേവസ്വം ജീവനക്കാരന്റെ മരണത്തില്‍ കലാശിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. ലക്ഷക്കണക്കിനു രൂപയുടെ കാണിക്ക എണ്ണാനാണ് നൂറുകണക്കിനു ജീവനക്കാരെ തീര്‍ത്ഥാടനത്തിനു ശേഷം ബോര്‍ഡ് ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഹൃദ്രോഗിയായ തന്നെ ഈ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അറിയിച്ചിട്ടും സന്നിധാനത്ത് ജോലിക്ക് പോകാന്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്ര പ്രസാദ് ജോലിക്ക് വന്നതെന്നും നേതാക്കള്‍ പറഞ്ഞു.
മരക്കൂട്ടത്ത് വച്ച് കുഴഞ്ഞ് വീണതിനെ തുര്‍ന്ന് പമ്പയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സഹായം തേടിയെങ്കിലും വനം വകുപ്പ് അത് നിഷേധിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് സാധനങ്ങള്‍ കയറ്റുന്ന ട്രാക്ടറിലാണ് അവശനിലയിലായ സുരേന്ദ്രപ്രസാദിനെ പമ്പയിലെത്തിച്ചത്. ഇവിടെ നിന്നു പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
രോഗിയാണെന്ന് പറഞ്ഞിട്ടും ഭീഷണിപ്പെടുത്തി ഡ്യൂട്ടിക്ക് അയച്ച ദേവസ്വം ബോര്‍ഡിനെതിരെയും, ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം നിഷേധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നരഹത്യക്ക് കേസെടുക്കണമെന്നും മരിച്ച സുരേന്ദ്രപ്രസാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ യഥാസമയം ചികില്‍സ ലഭിക്കാതെ ദാരുണമായി മരിച്ച സംഭവം വിവാദമായ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് – വനം വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ കടുത്ത വീഴ്ചക്കെതിരെ 30 ന് തിരുവനന്തപുരത്തെ വനം വകുപ്പിന്റെ ആസ്ഥാനത്തേക്ക് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് എന്‍.പി. കൃഷ്ണ കുമാര്‍, ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാഖേഷ്, സെക്രട്ടറി പി.എന്‍. പ്രശാന്ത് എന്നിവര്‍ പറഞ്ഞു.
















