തിരുവല്ല മാര്‍ത്തോമ്മ കോളേജില്‍ കേരള ശാസ്ത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: ശാസ്ത്ര സാങ്കേതിക പുരോഗതിക്കനുസരിച്ച് സാങ്കേതിക വിദ്യയെ വിവേകപൂര്‍വം സ്വാംശീകരിച്ച് ദേശപുരോഗതിക്കായി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവല്ല മാര്‍ത്തോമ്മ കോളേജില്‍ കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശികമായി ലഭ്യമായ പ്രകൃതിവിഭവങ്ങളെ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയില്‍ ഉത്പന്നങ്ങളാക്കി മാറ്റിയെടുക്കുക എന്നതായിരിക്കണം കേരളത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രസാങ്കേതിക ഗവേഷകരുടെ പരിഗണന. അടിസ്ഥാന ശാസ്ത്രത്തിന്റെയും പ്രയുക്ത ശാസ്ത്രത്തിന്റെയും മേഖലകളില്‍ സമൂഹത്തിന്റെ ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ള കര്‍മ്മ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക, കര്‍ഷകര്‍ക്ക് അവരുടെ ഉത്പങ്ങള്‍ക്ക് പരമാവധി മൂല്യംനല്‍കുക എന്നിവ സംസ്ഥാന വികസനത്തിന് അത്യാവശ്യമാണ്. ഇതിനായി കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധിതവും വൈവിധ്യമാര്‍ന്നതുമായ ശ്രേണിയുണ്ടാകണം. കര്‍ഷകരുടെ പുതുമയാര്‍ന്ന ആശയങ്ങള്‍ക്ക് സാങ്കേതിക മികവ് ഉറപ്പുവരുത്താനും കഴിയണം. മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിച്ചു. ഭാരതരത്‌ന ഡോ.പി.എന്‍.ആര്‍ റാവു മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി, സയന്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ.കെ.പി ഗോപിനാഥന്‍, കെ.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. ബി.എസ് കോറി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ.സുരേഷ്ദാസ്, മെമ്പര്‍ സെക്രട്ടറി ഡോ.എസ്.പ്രദീപ്കുമാര്‍, ജനറല്‍ കണ്‍വീനര്‍ ഡോ.കെ.പി ജയകുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
















