കണ്ണൂര്‍: ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഫി്രബവരി 15 നകം പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മറ്റിടങ്ങളില്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം പ്രത്യേകമായി നടത്താനും മന്ത്രി നിര്‍ദേശിച്ചു.
ഗ്രാമ പഞ്ചായത്തുകള്‍ വകയിരുത്തുന്ന തുക പുതിയ ലൈന്‍ വലിക്കുന്നതിനും ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിനും ഉപയോഗപ്പെടുത്തണം. വീടുകള്‍ക്കുള്ള കണക്ഷനും വയറിങ്ങിനും ആവശ്യമായി വരുന്ന തുക മറ്റ് തരത്തില്‍ സമാഹരിക്കാന്‍ കെഎസ്ഇബിയും ബന്ധപ്പെട്ട പഞ്ചായത്തും ചേര്‍ന്ന് നടപടിയെടുക്കണം. വയറിങ്ങിനും മറ്റും ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളെയും സന്നദ്ധരായ വ്യക്തികളെയും സമീപിക്കാം. ഈ രീതിയില്‍ ഗ്രാമ പഞ്ചായത്തുകള്‍ പദ്ധതി ഭേദഗതി വരുത്തി കെഎസ്ഇബിക്ക് ഫണ്ട് കൈമാറാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതിക്കാവശ്യമായ പണം നല്‍കാമെന്ന് പഞ്ചായത്തുകള്‍ കെഎസ്ഇബിക്ക് അടിയന്തരമായി കത്ത് നല്‍കണം. നല്ല സാമ്പത്തിക ശേഷിയുള്ളവര്‍ക്കുവേണ്ടി ഈ പദ്ധതി ദുരുപയോഗിക്കുന്നത് തടയാന്‍ ജാഗ്രത വേണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ആവശ്യപ്പെട്ടു.
പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ സംബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ അവലോകനം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെഎസ്ഇബി അധികൃതരോട് യോഗം നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എഡിഎം മുഹമ്മദ് യൂസഫ്, കെഎസ്ഇബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വി.വി.സുനില്‍ കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
















