അമ്മ മലയാളം സന്തോഷത്തിലാണ്. സുന്ദരിയായ മലയാളത്തിന്റെ കാല്‍പ്പനികതക്ക് മങ്ങലേറ്റ കാലഘട്ടത്തിലാണ് ആധുനികത ഉദയം ചെയ്യുന്നത്. അക്കിത്തം അച്യുതന് നമ്പൂതിരിയെന്ന മഹാകവി അക്കിത്തം 1952ല്‍ എഴുതിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലൂടെയാണ് മലയാള കവിതയില്‍ ആധുനികത രൂപപ്പെടുന്നത്. ‘എന്റെയല്ലന്റെയല്ലീ കൊമ്പനാനകള്‍, എന്റെയല്ലന്റെയല്ലീ മഹാക്ഷേത്രവും’ എന്ന് പാടിയ അക്കിത്തം ലാളിത്യത്തിന്റെ പ്രതിരൂപമാകുകയായിരുന്നു. ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കാരത്തിലുള്ള ലാളിത്യം കൊണ്ടും ഉന്നതശീര്‍ഷനായ അക്കിത്തത്തിന് രാജ്യം പത്മശ്രീ നല്കി ആദരിക്കുമ്പോള്‍ അമ്മ മലയാളത്തിന് സന്തോഷിക്കാതിരിക്കാനില്ല.
‘വെളിച്ചം ദുഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ എന്ന വാക്കുകള്‍ ജീവിതചര്യയാക്കിയാണ് മലയാളികള്‍ മഹാകവിക്ക് ഗുരുദക്ഷിണ നല്‍കിയത്. പതിറ്റാണ്ടുകള്‍ പിന്നിട്ട കാവ്യസപര്യയില്‍ വജ്രസൂക്ഷ്മമായ മനുഷ്യസ്നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പരിപാലിച്ച പ്രകാശ സ്രോതസ്സാണ് അക്കിത്തം. ഇടശ്ശേരി പകര്‍ന്നു കൊടുത്ത കവിതയുടെ ബാലപാഠങ്ങളില്‍ നിന്ന് ‘ജന്മനാ ഏതു മനുഷ്യനും നല്ലവനാണ്’ എന്ന ജീവവാക്യം മാറോട് ചേര്‍ത്താണ് ഈ കവിഹൃദയം ഇതുവരെ സഞ്ചരിച്ചത്. ആത്മാവില്‍ കണ്ണുനീരണിഞ്ഞ ബോധിസത്വനാണ് അക്കിത്തം. ജീവന് കൊടുത്തും ഈ ലോകത്തെ സ്നേഹിക്കും, തിരിച്ചെന്നെയും ഈ ലോകം സ്നേഹിക്കും, സ്നേഹിക്കാനും സേവിക്കാനും ധരിച്ചിട്ടില്ലെങ്കില്‍ ഈ ലോകം എന്തിനുകൊള്ളാം എന്ന് ചോദിച്ച് തോല്‍വികളെ സധൈര്യം നേരിട്ട മഹാപരിത്യാഗിയായ ഈ കവിബുദ്ധന്റെ അക്ഷര സ്നേഹസാരത്തിനുള്ള ഉപഹാരമാണ് ഈ പുരസ്കാരം.
1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര് അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946 മുതല്‍ മൂന്നുവര്‍ഷം ഉണ്ണി നമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തില്‍ 46 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഭാഗവതം, നിമിഷ ക്ഷേത്രം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര-കേരളാ സാഹിത്യ അക്കാദമി അവര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: