ചിത്രം: വനിതാ കമ്മീഷന്‍ അംഗം ഡോ: പ്രമീള ദേവിക്ക് ടോംസ് കോളേജിനെക്കുറിച്ചുള്ള പരാതി എബിവിപി സംസ്ഥാന ജോ. സെക്രട്ടറി ആര്‍. കൃഷ്ണരാജ് നല്‍കിയപ്പോള്‍
കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളേജില്‍ വനിതാ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. സ്ഥാപന ഉടമ ടോമിന്റെ ഭാഗത്തുനിന്നുമുണ്ടായ പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി തെളിവെടുപ്പ് നടത്തിയത്.
കോളേജിന് പുറമേ ഹോസ്റ്റലിലെത്തി വിദ്യാര്‍ത്ഥികളില്‍ നിന്ന് വനിതാ കമ്മീഷന്‍ അംഗം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കോളേജിന്റെ അംഗീകാരം നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ടോംസില്‍ തുടര്‍ന്നു പഠിക്കാനില്ലെന്ന നിലപാട് വിദ്യാര്‍ത്ഥികള്‍ കമ്മീഷനെ അറിയിച്ചു. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനായുള്ള സൗകര്യം ഒരുക്കാന്‍ കമ്മീഷന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.
അല്ലാത്തപക്ഷം ഇതുവരെ മുടക്കിയ വന്‍തുക നഷ്ടപ്പെടുത്തി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടവരുമെന്ന് വിദ്യാര്‍ത്ഥികള്‍ കമ്മീഷനംഗത്തോട് പറഞ്ഞു. ടോംസ് കോളേജിന്റെ നിലവിലുള്ള സ്ഥിതിവിശേഷം സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കുമെന്നും മാനേജ്‌മെന്റിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമെന്നും വനിതാകമ്മീഷന്‍ അംഗം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായും പ്രമീളദേവി വ്യക്തമാക്കി.
ടോംസ് എന്‍ഞ്ചിനീയറിങ് കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക സര്‍വ്വകലാശാല സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ സര്‍വ്വകലാശാല രജിസ്ട്രാര്‍ ടോംസ് കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് ടോംസിന് ലഭിച്ച അഫിലിയേഷന്‍ സംബന്ധിച്ച കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുകള്‍ പുനരന്വേഷിക്കണം: എബിവിപി
കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനിയറിംഗ് കോളേജിനും ചെയര്‍മാനും എതിരെയുളള
കേസുകളെല്ലാം പുനരന്വേഷിക്കുക, വിദ്യാര്‍ത്ഥികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലും ലേഡിസ്‌ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കേണ്ടിവന്ന പീഡനത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് നീതി നേടി കൊടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോളേജില്‍ തെളിവെടുപ്പിനെത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ: പ്രമീള ദേവിക്ക് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി ആര്‍. കൃഷ്ണരാജ് പരാതി നല്‍കി.
കോളേജ് ചെയര്‍മാന്‍ രാത്രി കാലങ്ങളില്‍ ഹോസ്റ്റലില്‍ എത്തുകയും അശ്ലീല ചുവയുള്ള സംഭാഷണം നടത്തുകയും വിദ്യാര്‍ത്ഥിനികളെ കൊണ്ട് ജോലി ചെയ്യിക്കുകയും എന്നതാണ് നിലവില്‍ ഉയര്‍ന്ന പരാതികള്‍. എന്നാല്‍ 2004 ല്‍ ടോംസ് കോളേജിനെതിരേ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നല്‍കിയിരുന്നു പള്ളിക്കത്തോട് പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പിന്നിട് അന്വേഷണം ഉണ്ടായില്ല. തുടര്‍ന്ന് 2010 ലും പത്തോളം വിദ്യാര്‍ത്ഥിനികള്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് എബിവിപി ചൂണ്ടിക്കാട്ടി.
















