കുറവിലങ്ങാട്- ഉഴവൂര്‍ വില്ലേജ് പരിധിയിലുള്ള ഉഴവൂര്‍-കരുനെച്ചി-ചേറ്റുകുളം റോഡില്‍ സ്വകാര്യ വൃക്തി മണ്ണ് എടുത്തിട്ട് ഗതാഗതതടസ്സം സൃഷ്ടിച്ചതായി ആരോപണം. ദിവസേന നൂറ് കണക്കിന് വാഹനങ്ങളും സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന പൊതുമരാമത്ത് റോഡിലാണ് സ്വകാര്യ വ്യക്തി മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്.
ഇതേ സ്വകാര്യ വൃക്തി പൊതുമരാമത്ത് വകുപ്പ് റോഡ് കൈയ്യേറി മതില് കെട്ടുവാനുള്ള നീക്കം നാട്ടുകാര്‍ തടയുകയും ചെയ്തിട്ട് പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടികള്‍ കൈയ്യേറ്റക്കാരന് എതിരെ എടുത്തിട്ടില്ലായെന്ന ആക്ഷേപം ശക്തമാണ്. പൊതുമരാമത്ത് വകുപ്പ്വക റോഡ് സ്വകാര്യ വൃക്തി തന്റെ സ്ഥലമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് കാണിച്ച് ഗ്രാമപഞ്ചായത്തംഗങ്ങളും, സര്‍വ്വകക്ഷി നേതാക്കളും കോട്ടയം ജില്ലാ കളക്ടറെ കണ്ടിട്ടും നടപടി വൈകുകയാണ്. കൈയ്യേറ്റം തടഞ്ഞ നാട്ടുകാര്‍ക്ക് എതിരെ കുറവിലങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പാലാ കോടതിയിലുമാണ്.
കൈയ്യേറ്റം നടത്തിയ സ്വകാര്യവ്യക്തിയുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തിട്ട്, പോലീസ് കൈയ്യേറ്റം നടത്തിയ വ്യക്തിക്ക് എതിരെ കേസ് എടുക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്. കോടതി നിര്‍മ്മാണ നിരോധന ഉത്തരവ് നിലനില്ക്കുമ്പോള് അനധികൃതമായി നിര്‍മ്മാണങ്ങള്‍ നടത്തിയതിനും ഒത്താശ ചെയ്ത പോലീസിനുമെതിരെ സ്വകാര്യ ഹര്‍ജി നല്കുവാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: