അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും കൈയുംകാലും വച്ചാല്‍ ഒരു കോളജ് പ്രിന്‍സിപ്പല്‍ ആവുമോ? അല്ലെങ്കില്‍ ആ പദവിയുടെ മിനിമം യോഗ്യത അതാണോ? ഇത്തരമൊരു ചോദ്യം സാക്ഷര സമൃദ്ധമെന്ന് നാം അഭിമാനിച്ചാഹ്ലാദിക്കുന്ന കേരളത്തിന്റെ മനസ്സാക്ഷിയോടാണ്. തിരുവനന്തപുരത്തെ ലോ അക്കാദമി എന്ന സ്വകാര്യ നിയമ പഠന കോളജിനെ ചുറ്റിപ്പറ്റിയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഏതൊരാള്‍ക്കും ആശ്ചര്യവും അത്ഭുതവും ഉണ്ടാകും. അത് നിയമപഠന കോളജാണോ അതല്ല മനുഷ്യസംസ്കാരത്തിന്റെ ശോഭയാര്‍ന്ന മുഖത്തേറ്റ പുഴുക്കുത്താണോ എന്ന സംശയമാണുയരുന്നത്.
ഭാരതത്തില്‍ തന്നെ ഇത്തരത്തിലുള്ള ഏക സ്വകാര്യ കോളജാണ് ലോഅക്കാദമി എന്ന സ്ഥാപനം. കാലാകാലങ്ങളായി ഒട്ടേറെ പേര് ഇവിടെനിന്ന് നിയമ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. പേരും പെരുമയുമുള്ള സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും അവര്‍ വഹിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ പഠിച്ചിറങ്ങിയ സ്ഥാപനത്തോട് ഒരുതരം വികാരപരമായ അടുപ്പം അവര്‍ക്കുണ്ടുതാനും. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അങ്ങേയറ്റം ഗുണപ്രദമാണത്. എന്നാല്‍ സ്ഥാപനത്തിലെ ഗുണ്ടായിസ സംസ്കാരത്തിന് മേമ്പൊടിയിടാനെന്ന തരത്തിലേക്ക് അതൊക്കെ വക മാറ്റുകയാണ് ബന്ധപ്പെട്ടവര്‍.
രണ്ടാഴ്ചയിലേറെയായി അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളൊക്കെയും സമരമുഖത്താണ്. പ്രത്യേകിച്ചും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കാണ് കഠിനതരമായ കഷ്ടപ്പാടും അഭിമാനക്ഷതങ്ങളും. മറ്റു സ്ഥാപനങ്ങളില്‍ നടക്കാത്ത തരത്തിലുള്ള ഒരുതരം റാഗിംഗ് പീഡനമാണത്രെ ഇവിടെ അരങ്ങേറുന്നത്. അത്തരം മ്ലേച്ഛതകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ ഇതിനൊക്കെ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന വിവരം വാസ്തവത്തില്‍ ഈ സംസ്ഥാനത്തിന് അപമാനമാണ്. പ്രത്യേകിച്ചും ഒരു വനിതാ പ്രിന്‍സിപ്പല്‍ തന്നെ ഇങ്ങനെയുള്ള പ്രാകൃത വികാരങ്ങളെ പുഷ്കലമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍.
ഭരണ നേതൃത്വത്തിലും രാഷ്ട്രീയ നേതൃത്വത്തിലുമുള്ള പിടിപാടും അടുപ്പവും വച്ചാണ് ലോ അക്കാദമിയില്‍ എല്ലാ തരത്തിലുമുള്ള ധാര്‍ഷ്ട്യ സമീപനങ്ങള്‍ സ്വീകരിക്കുന്നതെന്നാണ് സമര രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഒരുതരം തടവുപുളളികളെപ്പോലെയാണ് പരിഗണിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതുകൊണ്ട് പ്രിന്‍സിപ്പലിന്റെ കൈയൂക്കിനെതിരെ ആരും പ്രതികരിക്കുന്നില്ല. സ്വന്തം കുടുംബം നടത്തുന്ന സ്ഥാപനത്തില്‍ താനെന്തും ചെയ്യും എന്ന ധിക്കാര നിലപാടാണ് പ്രിന്‍സിപ്പലിനുള്ളതെന്ന ആരോപണമുണ്ട്. കോപ്പിയടി വിവാദം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാ ഹാളിലും അനുബന്ധയിടങ്ങളിലും ക്യാമറ സ്ഥാപിക്കണമെന്ന് സര്‍വകലാശാല നിഷ്കര്‍ഷിച്ചിരുന്നു. ഇത് മറയാക്കി വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന തരത്തില്‍ പലയിടങ്ങളിലും ക്യാമറ സ്ഥാപിച്ചിരിക്കുന്നുവെന്ന ആരോപണവുമുണ്ട്.
കോളജില്‍ പ്രശ്നം രൂക്ഷമാകുമ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന തരത്തിലാണ് പ്രിന്‍സിപ്പലിന്റെ പെരുമാറ്റം. താന്‍പോരിമയും അടക്കി ഭരണവുമാണ് പ്രിന്‍സിപ്പല്‍ പദവിയുടെ ചേരുവകളെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഉന്നതങ്ങളിലെ സ്വാധീനം വച്ച് ഒരു സ്വകാര്യ കോളജ് പ്രവര്‍ത്തനം ഏതുതരത്തിലും നടത്തിക്കൊണ്ടുപോകുന്ന പരിപാടി വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുകയല്ല, അധഃപതിപ്പിക്കുകയാണെന്ന് ബന്ധപ്പെട്ടവരാരും മനസ്സിലാക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിലെ കോളജുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നെഞ്ചത്തടിച്ചു നിലവിളിക്കുന്ന ആരും തന്നെ മൂക്കിന്‍തുമ്പത്തെ ഈ കലാലയത്തില്‍ നടക്കുന്നതൊന്നും കാണുന്നില്ല. സിപിഎം ഭരണത്തിന്റെ ഒത്താശക്കാരുടെ വിദ്യാഭ്യാസക്കച്ചവടം അഴുക്കുചാലിലേക്ക് കുത്തിയൊഴുകിയിട്ടും ശ്രദ്ധിക്കുന്നില്ല എന്നു വരുന്നത് ഗുരുതരമായ അവസ്ഥാ വിശേഷം തന്നെയാണ്.
നല്ല പേരും പെരുമയുമുള്ള ഒരു സ്ഥാപനത്തെ അതിന്റെ ഗതകാല പ്രൗഢിയോടെ നില നിര്‍ത്താന്‍ തന്നെയാണ് ശ്രമിക്കേണ്ടത്. ചാനലിലും മാധ്യമങ്ങളിലും തന്റെ ഭാഗം ന്യായീകരിക്കുന്ന പ്രിന്‍സിപ്പല്‍ കുട്ടികളോട് മാന്യമായി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളുവെന്ന് സമര മുഖത്തെ വിദ്യാര്‍ത്ഥിനികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അധ്യാപക-വിദ്യാര്‍ത്ഥി സൗഹൃദവും സഹകരണവും ആ രംഗത്ത് പ്രശംസനീയമായ മുന്നേറ്റം ഉണ്ടാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതൊന്നും അറിയാത്തയാളുമല്ല പ്രിന്‍സിപ്പല്‍. എന്നാല്‍ സ്നേഹവും കരുതലും കാരുണ്യവും കൈപിടിച്ചുയര്‍ത്തലും തന്റെ വഴിയല്ലെന്ന ദുശ്ശാഠ്യത്തിലൂടെയേ സഞ്ചരിക്കൂ എന്ന വാശിയാണ്. അത് അഭിലഷണീയമല്ലെന്ന് പറഞ്ഞുകൊടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ ഇനിയൊട്ടും അമാന്തം കാണിക്കാതെ മുന്നോട്ടുവരണം. വിദ്യാഭ്യാസ വകുപ്പ് ഇതൊക്കെ കണ്ട് നോക്കുകുത്തിയായി ഇരിക്കാനുള്ള ഒരു സംവിധാനമല്ലല്ലോ. ഭാവി വാഗ്ദാനങ്ങളെ തല്ലിക്കൊഴിക്കാനല്ല, വളര്‍ത്തി വികസിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: