പാനൂര്‍: സന്തോഷ് കുമാര്‍ വധത്തില്‍ പോലീസ് പിടിയിലായ പ്രതികള്‍ക്കു വേണ്ടി തലശേരി സിഐ ഓഫീസിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സെക്രട്ടറി നിധിന്‍. ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വധത്തിലെ പ്രതികളെ കസ്റ്റഡിയിലെടുത്തതിനു തൊട്ടു പിന്നാലെ തന്നെ തലശേരിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.എസ്.ഷാജിയോടും സംഘത്തോടും ഭീഷണിസ്വരമുയര്‍ത്തി സംസാരിച്ച നിധിന്‍ പ്രതികള്‍ക്കു പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. നിധിനെക്കൂടാതെ ധര്‍മ്മടം ലോക്കല്‍സെക്രട്ടറി എം.കെ.രവിയും പ്രതികള്‍ക്കു വേണ്ടി സ്റ്റേഷനിലെത്തി. പിണറായി ടൗണില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമാണ് നിധിന്‍. കേസന്വേഷണം അട്ടിമറിക്കാനുളള ശ്രമമാണ് ഓഫീസ് സെക്രട്ടറിയുടെ ഭാഗത്തു നിന്നുമുണ്ടായത്. പ്രതികളെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്ക് ഇതോടെ പൊളിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പിണറായില്‍ മുന്‍പ് കൊല്ലപ്പെട്ട രമിത്ത് വധത്തിലെ പ്രതികളെയും നിധിന്‍ സംരക്ഷിച്ചതായി ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. അന്വേഷണം ആറുപേരില്‍ ഒതുക്കിത്തീര്‍ക്കാനും ഗൂഢാലോചന അട്ടിമറിക്കാനുമാണ് ലോക്കല്‍സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തം. പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി പരസ്യമായി രംഗത്തു വന്നത് അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
















