ന്യൂദല്‍ഹി: കാനന്‍ നിയമപ്രകാരമുള്ള സഭാ കോടതികളുടെ വിവാഹ മോചനം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. വിവാഹമോചന നിയമം നിലവിലിരിക്കെ ഇതില്‍ നിന്ന് വ്യത്യസ്തമായ നടപടികളിലൂടെ വേര്‍പിരിയുന്നത് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കാനന്‍ നിയമത്തിന് (ക്രിസ്ത്യന്‍ വ്യക്തി നിയമം) ആദ്ധ്യാത്മികമായോ സഭാസംബന്ധിയായോ കക്ഷികളുമായി ബന്ധമുണ്ടാകാം.
എന്നാല്‍ വിവാഹമോചന നിയമം നിലവില്‍ വന്നതിന് ശേഷം വ്യക്തിനിയമമനുസരിച്ച് വിവാഹം അസാധുവാക്കുന്നത് നിയമപരമായി കണക്കാക്കാനാകില്ല. നിയമപരമായുള്ള വിവാഹമോചന നടപടികളില്‍ നിന്നും വ്യത്യസ്തമാണ് സഭാ കോടതികളിലെ നടപടികള്‍. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
സഭാ കോടതികളിലെ വിവാഹ മോചനം നിയമപരമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ക്ലാരന്‍സ് പയസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
മുസ്ലിങ്ങളിലെ മുത്തലാഖിന് സമാനമായി സഭാ കോടതികളിലെ വിവാഹമോചനവും നിയമപരമാക്കണമെന്നാവശ്യപ്പെട്ടാണ് 2013ല്‍ പയസ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളിയ കോടതി 1996ലെ മോളി ജോസഫ് വേഴ്‌സസ് ജോര്‍ജ്ജ് സെബാസ്റ്റ്്യന്‍ കേസില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അടുത്തിടെ വിവിധ ഹൈക്കോടതികള്‍ മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു.
ഹര്‍ജിക്കാരന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി ഹാജരായി. സഭാകോടതികളിലെ വിവാഹമോചനം നിയമപരമാക്കിയില്ലെങ്കില്‍ ഇത്തരത്തില്‍ വേര്‍പിരിഞ്ഞവര്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജി കേന്ദ്രസര്‍ക്കാരും എതിര്‍ത്തു. 1872ലെ ക്രിസ്ത്യന്‍ വിവാഹ നിയമം, 1869ലെ വിവാഹമോചന നിയമം എന്നിവയെ മറികടക്കാന്‍ കാനന്‍ നിയമത്തിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
















