സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന്റെ നാലാം നാളായ ഇന്നലെ നയന മനോഹരം . ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്നും കലോത്സവത്തെ ഒഴിവാക്കിയതിനാല്‍ പതിവു പോലെ ഇന്നലെയും കലോത്സവ വേദികള്‍ സജീവമായിരുന്നു. രാവിലെ ഏതാനും മണിക്കൂറുകള്‍ ശോഷിച്ച സദസ്സുകളായിരുന്നു വേദികളില്ലെങ്കിലും ഉച്ചയോടെ വേദികള്‍ക്ക് മുന്നില്‍ കലാസ്വാകര്‍ നിറഞ്ഞു. ഒന്നാം വേദിയായ നിളയില്‍ രാവിലെ മാര്‍ഗ്ഗം കളി മത്സരത്തോടെയാണ് ഇന്നലെ മത്സരങ്ങള്‍ ആരംഭിച്ചത്. വിവിധ ജില്ലകള്‍ അവതരിപ്പിച്ച മാര്‍ഗ്ഗം കളികള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു.രണ്ടാം വേദിയായ ചന്ദ്രഗിരിയില്‍ പൂരക്കളി,വട്ടപ്പാട്ടും നടന്നു. വേദി 11ല്‍ നടന്ന ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെ മോണോആക്ട് മത്സരങ്ങള്‍ ഭാവാഭിനയത്തിന്റെ മികവ് വെളിപ്പെടുത്തുന്നതായി. വേദി 16 പെരിയാറില്‍ ചവിട്ടുനാടകവും സ്‌കിറ്റും അരങ്ങേറി. ബാന്റുമേളത്തിന്റെ എല്ലാ താളാത്മകതയോടെയും നടന്ന ബാന്റുമേളം മത്സരം പളളിക്കുന്ന് ജയില്‍ ഗ്രൗണ്ടിലെ വേദി 19 ചാലിയാറിനെ ധന്യമാക്കി.
മത്സരങ്ങള്‍ക്ക് കൊടിയിറങ്ങാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇനിയുളള രണ്ടു ദിവസങ്ങള്‍ വേദികള്‍ വാശിയേറിയ പോരാട്ടത്തിന് വേദിയാകും. ഇന്ന് ഒപ്പന ,സംഘനൃത്തം, പരിചമുട്ട് കളി,അറബനമുട്ട്,നാടോടിനൃത്തം,കോല്‍ക്കളി, കഥകളി ഗ്രൂപ്പ്, നാടകം ഹൈസ്‌ക്കൂള്‍ വിഭാഗം മത്സരം എന്നിവ വിവിധവേദികളില്‍ നടക്കും.
















