കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ സിപിഎം സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത് പോലീസിന്റെ ഒത്താശയോടെ. സംഘര്‍ഷമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ തലശ്ശേരിയില്‍ സംഘടിച്ചെത്തിയതായി ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം തന്നെ തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിനോട് സൂചിപ്പിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കൂടുതല്‍ പോലീസിനെ വിന്യസിച്ച് പട്രോളിങ് ശക്തമാക്കുമെന്നും ഡിവൈഎസ്പി നേതാക്കന്‍മാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ പിണിയാളായി പ്രവര്‍ത്തിക്കുന്ന ഡിവൈഎസ്പി നിസ്സംഗം ഭാവം പുലര്‍ത്തിയത് സിപിഎം ക്രിമിനലുകള്‍ക്ക് സഹായമായി. അക്രമികള്‍ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്ന് മാത്രമല്ല അവര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കുകയും ചെയ്തു. പോലീസിന്റെ നിസ്സംഗതയാണ് ജില്ലയില്‍ ഒരു ജീവന്‍ കൂടി പൊലിയാനുള്ള സാഹചര്യമുണ്ടാക്കിയത്.
















