മംഗളൂരു: കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ വൃദ്ധയെ മംഗളൂരുവിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചുകൊന്ന് സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 5000 രൂപ പിഴക്കും പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവും അനുഭവിക്കാനും ജഡ്ജ് സി.എം ജോഷി ശിക്ഷിച്ചു. കാനറ തളിപ്പറമ്പ്, പട്ടുവം, കുറ്റിക്കോല്‍ സ്വദേശി കെ രവീന്ദ്രന്‍ എന്ന രവി (64)യെ ആണ് സൗത്ത് കാനറ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ്, ആലക്കോട്, വട്ടമല തോമസിന്റെ ഭാര്യ ഏലിക്കുട്ടി (70) ആണ് കൊല്ലപ്പെട്ടത്. 2014 ജനുവരി 15 നാണ് കൊലപാതകം നടന്നത്. മംഗളൂരുവിലെ കെ.എസ്. റാവു റോഡിലെ ലോഡ്ജ് മുറിയിലാണ് ഏലിക്കുട്ടിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഏലിക്കുട്ടിക്ക് വൈനില്‍ ഉറക്ക ഗുളിക കലര്‍ത്തിയ ശേഷം തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് കേസ്. ജനുവരി 14 നു ഏലിക്കുട്ടിയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്തതായിരുന്നു രവി. 17 നു പുറത്തു നിന്നു പൂട്ടിയ മുറിക്കുള്ളില്‍ ലോഡ്ജിലെ ജീവനക്കാരാണ് ഏലിക്കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. ലോഡ്ജിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഏലിക്കുട്ടിയുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന രവി പണം കടം ചോദിച്ചപ്പോള്‍ നല്‍കാത്ത വൈരാഗ്യത്തിനായിരുന്നു കൊല നടത്തിയത്. തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല നടത്തുകയായിരുന്നു. അതിനുശേഷം പ്രതി മാല, വള, കമ്മല്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളും മൊബൈല്‍ ഫോണും ഡയറിയുമെല്ലാം എടുത്ത് സ്ഥലം വിടുകയായിരുന്നു. ബന്ദര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തളിപ്പറമ്പിലെ സഹകരണ ബാങ്കിലെ വായ്‌പാ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള പണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് രവീന്ദ്രന്‍ നല്‍കിയ മൊഴി. ബന്ദര്‍ സബ് ഇന്‍പെക്ടര്‍ ശെല്‍വരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പിച്ചത്. വാദത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ രാജുപൂജാരി ഹാജരായി.
















