ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരം മെഗാമത്സരമായി. അപ്പീലുകളുടെ ഘോഷയാത്രയായപ്പോള്‍ മത്സരം പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 10 മണിക്കൂര്‍.
ജവഹര്‍ സ്റ്റേഡിയത്തിലെ വേദി നാലില്‍ ഉച്ചയ്‌ക്ക് രണ്ടു മണിക്ക് ആരംഭിക്കുമെന്നറിയിച്ച മത്സരം തുടങ്ങിയത് രാത്രി ഒമ്പതരയോടെ. മത്സരം തുടങ്ങിയതോടെ അപ്പീലുകാരുടെ ബഹളമായി. വിവിധ അപ്പീലുകളടക്കം 50 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി വേദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 48 പേര്‍ വേദിയിലെത്തിയപ്പോള്‍ മത്സരം പൂര്‍ത്തിയായത് ഇന്നലെ രാവിലെ 7.30ന്.
മേയ്‌ക്കപ്പ് ചെയ്ത് മണിക്കൂറുകളോളം ഇരിക്കേണ്ട അവസ്ഥയാണ് മത്സരാര്‍ത്ഥികള്‍ക്കുണ്ടായത്. പലരും ക്ഷീണിച്ചവസ്ഥയിലായിരുന്നെങ്കിലും പ്രകടനത്തെ അതു ബാധിച്ചില്ലെന്നു മാത്രം. മത്സരത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ 46 പേര്‍ എ ഗ്രേഡ് നേടി. മലപ്പുറം എംഎസ്പി എച്ച്എസ്എസ്സിലെ കെ.പി.അമൃത, പാല എസ്എംജി എച്ച് എസ്എസിലെ എന്‍.എസ്.ശ്രീരഞ്ജിനി എന്നിവര്‍ ഒന്നാമതെത്തി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ്സിലെ എം.എസ്.ദേവിക, നീലേശ്വരം രാജാസ് എച്ച്എസ്സിലെ വി.ആര്‍.ശ്രീലക്ഷ്മി, കോട്ടയം കൊഴുവനാല്‍ എസ്‌ജെഎന്‍ എച്ച്എസ്എസിലെ പ്രീതി ചന്ദ്രന്‍ എന്നിവര്‍ രണ്ടാമതെത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവ. മോഡല്‍ എച്ച്എസ്എസ് ഫോര്‍ ബോയ്‌സിലെ പി.എല്‍.പാര്‍വ്വതി മൂന്നാമതുമെത്തി.
















