കലോത്സവനഗരിയിലെ മുഖ്യവേദിയിലെ പന്തലില്‍ കേരളഗാന്ധി കെ.കേളപ്പനും കുട്ടികളുടെ പ്രിയകവി കുഞ്ഞുണ്ണിമാഷിനും സ്ഥാനമില്ല. ഭക്തകവി പൂന്താനത്തിനും ചെറുശ്ശേരിക്കും ഇതുതന്നെയാണ് അവസ്ഥ. മരണമടഞ്ഞ മുന്‍പ്രധാനമന്ത്രിമാരും മുന്‍മുഖ്യമന്ത്രിമാരും എഴുത്തുകാരും കലാകാരന്മാരുടെയും ചിത്രങ്ങള്‍ പന്തലില്‍ സ്ഥാനം പിടിച്ചപ്പോഴാണ് ഇവരുടെ ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടത്. ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാകട്ടെ ഏറ്റവും ഒടുവിലാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. കലോത്സവ നഗരിയിലെ പന്തലില്‍ ചിത്രങ്ങള്‍ വെയ്‌ക്കുമ്പോള്‍ പ്രമുഖരെ വിട്ടുപോകുന്നത് തുടര്‍ക്കഥയാവുകയാണ്. ചിത്രങ്ങള്‍ വെക്കുന്നതിന് ക്രമമോ വ്യക്തികളുടെ പ്രാധാന്യമോ നോക്കില്ലെന്ന വിമര്‍ശനവുമുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം പേരു കൂടി നല്‍കിയിരുന്നെങ്കില്‍ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമായിരുന്നെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഡോ.ബി.ആര്‍. അംബേദ്ക്കര്‍ എന്നിവര്‍ക്ക് വേദിയുടെ മുന്‍വശത്തുതന്നെ സ്ഥാനം നല്‍കിയിട്ടുണ്ട്.
















