കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയെ രാഷ്‌ട്രീയ പ്രസംഗവേദിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം അപലപനീയമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് പ്രസ്താവനയില്‍ ആരോപിച്ചു. കലോത്സവത്തിന്റെ പൊലിമ തന്നെ നഷ്ടപ്പെടുത്തുന്ന പ്രസംഗമാണ് പിണറായി നടത്തിയത്. ഇന്ത്യയില്‍ ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് പ്രസക്തി നഷ്ടപ്പെട്ട സിപിഎം രാഷ്‌ട്രീയ അവസരവാദികളെയും മതതീവ്രവാദ സംഘടനകളെയും കൂട്ടുപിടിച്ചാണ് കേരളത്തില്‍ അധികാരത്തിലെത്തിയത്. ഫാസിസത്തെക്കുറിച്ചും ആവിഷ്‌കാരസ്വാതന്ത്ര്യത്തെകുറിച്ചും വാതോരാതെ പ്രസംഗിച്ച മുഖ്യമന്ത്രി ആരാണ് യഥാര്‍ത്ഥ ഫാസിസ്റ്റെന്ന് ആത്മപരിശോധന നടത്താന്‍ തയ്യാറാകണം. തങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മാണ് യഥാര്‍ത്ഥ ഫാസിസ്റ്റുകളെന്ന് ജനങ്ങള്‍ക്കറിയാമെന്നും സത്യപ്രകാശ് പറഞ്ഞു.
















