കോട്ടയം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് കോട്ടയത്ത് തുടക്കമാകും. കുങ്കുമ ഹരിത പതാകകളാല്‍ കോട്ടയം നഗരം നിറഞ്ഞു. സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്ന ദേശീയ, സംസ്ഥാന നേതാക്കളെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകളും നഗരത്തിന്റെ പ്രധാനമുഖങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. കോട്ടയത്ത് ഇതാദ്യമായാണ് ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബിജെപിയുടെ സുപ്രധാനയോഗങ്ങളില്‍ സംസ്ഥാന രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ക്ക് പുറമേ ദേശീയ സമകാലീന വിഷയങ്ങളും ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് പൊതുവേ ദളിത് ജനവിഭാഗങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നേരെ തുടര്‍ച്ചയായി നടന്നുവരുന്ന അതിക്രമങ്ങളും യോഗത്തിന്റെ പരിഗണനയില്‍ വരും. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന് ദിശാരൂപം നല്‍കുന്ന മാര്‍ഗരേഖയുടെ വിശദ ചര്‍ച്ചയും കൗണ്‍സിലില്‍ നടക്കും. വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളും അവതരിപ്പിക്കപ്പെടും.
ദല്‍ഹിയില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനം താഴേത്തട്ടുമുതല്‍ സുശക്തമാക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ക്ക് നേതൃയോഗങ്ങള്‍ രൂപം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടന്ന മേഖലാ യാത്രകളുടെ അവലോകനങ്ങളും നടക്കും. അന്നം, വെള്ളം, മണ്ണ്, തൊഴില്‍, പാര്‍പ്പിടം തുടങ്ങി ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്ന സമരപോരാട്ടങ്ങളും വിലയിരുത്തപ്പെടും.
ശാസ്താംകോട്ടയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ‘ജലസ്വരാജ്’ പദ്ധതി ജനകീയകൂട്ടായ്‌മയിലൂടെ വിപുലമാക്കുന്നതിന് സംസ്ഥാന കൗണ്‍സില്‍ അന്തിമരൂപം നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളും, അതിന്റെ ഗുണഫലങ്ങളും സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തിലുള്ള പ്രചാരണ പരിപാടികളും ആവിഷ്‌കരിക്കപ്പെടും.
18ന് നടക്കുന്ന കൗണ്‍സിലിന്റെ മുന്നോടിയായി ഇന്ന് വൈകുന്നേരം 4ന് തിരുനക്കര ഹോട്ടല്‍ ഐശ്വര്യയില്‍ കോര്‍ കമ്മിറ്റി യോഗവും, സംസ്ഥാന ഭാരവാഹികളുടെ യോഗവും നടക്കും.
നാളെ രാവിലെ ഹോട്ടല്‍ ഐഡ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മിറ്റി യോഗം നടക്കും. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എം. പി. എന്നിവര്‍ പങ്കെടുക്കും. 18ന് രാവിലെ 10ന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. 1375 പേരാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. വൈകുന്നേരത്തോടെ സംസ്ഥാന കൗണ്‍സില്‍ പൂര്‍ണ്ണമാകും. ഇതോടെ മൂന്നു ദിവസത്തെ നേതൃയോഗങ്ങള്‍ക്ക് സമാപനമാകും.
















