മാഡ്രിഡ്: മൂന്നുതവണ പിന്നില്‍നിന്നശേഷം സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ ഉജ്ജ്വല സമനില. സെവിയയുമായുള്ള രണ്ടാം പാദ പ്രീ ക്വാര്‍ട്ടറിലാണ് 3-3ന്റെ തകര്‍പ്പന്‍ സമനില സ്വന്തമാക്കിയത്. ഇതോടെ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിക്കുകയും ചെയ്തു.
ആദ്യ പാദത്തില്‍ നേടിയ 3-0ന്റെ വിജയമാണ് അവര്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള അവസരമൊരുക്കിയത്. ഇതോടെ മറ്റൊരു റെക്കോര്‍ഡും റയല്‍ സ്വന്തമാക്കി. പരാജയമറിയാത്ത 40 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡാണ് അവര്‍ നേടിയത്. ബാഴ്‌സലോണയുടെ പരാജയമറിയാത്ത 39 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സൂപ്പര്‍താരം ഗരെത്ത് ബെയ്ല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ടീമിനെ ഇറക്കിയ സിദാന്‍ തുടക്കത്തില്‍ തന്നെ ഞെട്ടി. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും നേരിയ മുന്‍തൂക്കം നേടിയ സെവിയ പത്താം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തി. പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഡാനിലോയുടെ ദേഹത്തുതട്ടിയാണ് പന്ത് വലയിലെത്തിയത്.
എന്നാല്‍ ശക്തമായ മുന്നേറ്റങ്ങളുമായി റയല്‍ മുന്നേറ്റം സെവിയ പ്രതിരോധത്തെ കീറിമുറിച്ചെങ്കിലും ആദ്യ പകുതിയില്‍ സമനിലഗോള്‍ വിട്ടുനിന്നു. പിന്നീട് 48-ാം മിനിറ്റില്‍ 20കാരന്‍ മാര്‍ക്കോ അസന്‍സിയോയിലൂടെ റയല്‍ സമനില പിടിച്ചു. എന്നാല്‍ മൂന്നുമിനിറ്റിനുശേഷം സ്റ്റീവന്‍ ജോവറ്റിക്കിലൂടെ സെവിയ വീണ്ടും ലീഡ് നേടി. 77-ാം മിനിറ്റില്‍ വിന്‍സന്റെ ഇബോറയും സെവിയക്കായി ലക്ഷ്യം കണ്ടതോടെ അവര്‍ 3-1ന് മുന്നില്‍. എന്നാല്‍ 83-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസും പകരക്കാരനായി ഇറങ്ങി ഇഞ്ചുറി സമയത്ത് കരിം ബെന്‍സേമയും ഗോള്‍ നേടിയതോടെ റയലിന് ത്രസിപ്പിക്കുന്ന സമനില സ്വന്തം.
മറ്റ് മത്സരങ്ങളില്‍ വലന്‍സിയയെ തകര്‍ത്ത് സെല്‍റ്റ ഡി വിഗോയും ഒസാസുനയെ മറികടന്ന് ഐബറും അവസാന എട്ടില്‍ ഇടംപിടിച്ചു. ഇരുപാദങ്ങളിലുമായി സെല്‍റ്റ 6-2ന്റെ ആധികാരിക വിജയമാണ് വലന്‍സിയക്കെതിരെ നേടിയത്. ആദ്യ പാദത്തില്‍ 4-1നും രണ്ടാം പാദത്തില്‍ 2-1ന്റെയും വിജയം സെല്‍റ്റ നേടി. ആദ്യപാദത്തില്‍ നേടിയ 3-0ന്റെ വിജയമാണ് ഒസാസുനയെ മുന്നോട്ടേക്ക് നയിച്ചത്. രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
















