ചേര്‍ത്തല: നഗരം പ്ലാസ്റ്റിക് വിമുക്തമാകുന്നു, 26 ന് പ്രഖ്യാപനം. 13ന് വിദ്യാലയങ്ങളില്‍ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും, പിടിഎ കമ്മിറ്റി അംഗങ്ങളുടെയും എന്‍സിസി, സ്‌കൗട്ട്, ജെആര്‍സി, എന്‍എസ്എസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് സമാഹരിക്കും. 17ന് നഗരത്തിലെ ഓഫീസുകളിലും ജീവനക്കാരുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
19ന് 35 വാര്‍ഡുകളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, അയല്‍സഭ ഭാരവാഹികള്‍, ആശാവര്‍ക്കര്‍മാര്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, അങ്കണവാടി അദ്ധ്യാപകര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പ്രഖ്യാപനത്തിനു ശേഷം പ്ലാസ്റ്റിക് കിറ്റുകളും ഇതര ഉല്‍പ്പന്നങ്ങളും നഗരത്തിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ കൊണ്ടുവരികയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരെ മുനിസിപ്പല്‍ ആക്ട് അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. നഗരസഭ പ്രദേശത്തെ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ തടവും പിഴയും ലഭിക്കുന്ന തരത്തിലുള്ള വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ഡിവൈഎസ്പി വൈ.ആര്‍. റെസ്റ്റം പറഞ്ഞു.
ഇത് സംബന്ധിച്ച്് ചേര്‍ന്ന അവലോകന യോഗത്തില്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന മേധാവികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, കെഎസ്ഇബി, പൊതുമരാമത്ത്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപന അധികാരികള്‍ എന്നിവര്‍ പങ്കെടുത്തു. ചെയര്‍മാന്‍ ഐസക് മാടവന അദ്ധ്യക്ഷത വഹിച്ചു.
















