ദേശീയ സ്‌കൂള്‍ മീറ്റില്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ അബിത മേരി മാനുവല്‍ റെക്കോഡോടെ സ്വര്‍ണം നേടുന്നു. 400 മീറ്ററിലും റെക്കോഡോടെ സ്വര്‍ണം നേടിയ അബിത, മീറ്റില്‍ റെക്കോഡ് ഡബിള്‍ നേടിയ ഏക താരം-വി.ബി. ശിവപ്രസാദ്
പൂനെ: അറുപത്തിരണ്ടാം ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാര്‍. തുടര്‍ച്ചയായ 20-ാം വര്‍ഷമാണ് ഈ വിഭാഗത്തില്‍ കിരീടം ചൂടുന്നത്. 11 സ്വര്‍ണം, 13 വെള്ളി, ഏഴ് വെങ്കലം നേടിയ കേരളത്തിന് 114 പോയിന്റ്. അഞ്ച് സ്വര്‍ണം, ആറ് വെള്ളി, എട്ട് വെങ്കലം നേടിയ മഹാരാഷ്‌ട്ര രണ്ടാമത്. നാല് സ്വര്‍ണം, അഞ്ച് വെള്ളി, ഏഴ് വെങ്കലം നേടിയ തമിഴ്‌നാട് മൂന്നാമത്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും ചാമ്പ്യന്‍ഷിപ്പ് കേരളത്തിന്. ആണ്‍കുട്ടികളില്‍ നാല് സ്വര്‍ണം, ഏഴ് വെള്ളി, ഒരു വെങ്കലം. പെണ്‍കുട്ടികള്‍ ഏഴ് സ്വര്‍ണം, ആറ് വെള്ളി, രണ്ട് വെങ്കലം. ആണ്‍കുട്ടികളില്‍ പഞ്ചാബും പെണ്‍കുട്ടികളില്‍ മഹാരാഷ്‌ട്രയും രണ്ടാമത്. രണ്ട് വിഭാഗത്തിലും തമിഴ്‌നാട് മൂന്നാമത്.
മീറ്റിലെ മികച്ച അത്‌ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരും മലയാളികള്‍. ആണ്‍കുട്ടികളില്‍ കേന്ദ്രീയ വിദ്യാലയത്തിനു വേണ്ടി ഇറങ്ങിയ എം. ശ്രീശങ്കര്‍, പെണ്‍കുട്ടികളില്‍ റെക്കോഡ് ഡബിള്‍ നേടിയ അബിത മേരി മാനുവല്‍. അബിത 400, 800 മീറ്ററുകളിലാണ് റെക്കോഡ് ഡബിള്‍ നേടിയത്. ശ്രീശങ്കര്‍ ലോങ്ജമ്പില്‍ 7.57 മീറ്റര്‍ ചാടി.
ഇന്നലെ അബിതക്ക് പുറമെ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മുഹമ്മദ് അജ്മല്‍, പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനില വേണു, ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ ടീം എന്നിവര്‍ സ്വര്‍ണം നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് അനസും പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലും വെള്ളി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അര്‍ഷിത. എസ്, 200 മീറ്ററില്‍ ലിബിന്‍ ഷിബു, ക്രോസ് കണ്‍ട്രിയില്‍ പി.എന്‍. അജിത്ത്, 800 മീറ്ററില്‍ സുഗന്ധകുമാര്‍ എന്നിവര്‍ക്ക് വെങ്കലം.
















