ബ്രിസ്‌ബെയ്ന്‍: സീസണിലെ ആദ്യ മത്സരത്തില്‍ കിരീടം നേടിയതിന്റെ ആഹ്ലാദം ഒരുവശത്ത്. നേട്ടത്തില്‍ ഒപ്പം നിന്ന കൂട്ടുകാരിക്ക് ഒന്നാം സ്ഥാനം കൈമാറേണ്ട അവസ്ഥ മറുവശത്ത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഇന്നലെ ബ്രിസ്‌ബെയ്‌നില്‍ അനുഭവിച്ചത് ഇത്തരമൊരു മാനസികാവസ്ഥ.
ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ യുഎസിന്റെ ബെഥാനി മാറ്റക്ക് സാന്‍ഡ്‌സിനൊപ്പം കിരീടം നേടിയപ്പോള്‍ റാങ്കിങ്ങിലെ സ്ഥാനമാണ് സാനിയ കൈവിട്ടത്. സാനിയയുടെ 91 ആഴ്ചത്തെ ഒന്നാം നമ്പര്‍ പദവി ജയം ബെഥാനിയുടെ കൈയിലെത്തിച്ചു.
ഫൈനലില്‍ റഷ്യയുടെ എകാതെറിന മകരോവ-ഏലേന വെസ്‌നിയ ജോഡിയെയാണ് സാനിയയും ബെഥാനിയും ചേര്‍ന്ന് കീഴടക്കിയത്, സ്‌കോര്‍: 6-2, 6-3. അടുത്തയാഴ്ച സിഡ്‌നിയും അതിനു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലും ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവയ്‌ക്കൊപ്പമാണ് സാനിയ കളത്തിലിറങ്ങുക.
















