ആലപ്പുഴ: കുട്ടനാടന്‍ മത്സ്യ മേഖലയ്‌ക്കും ആലപ്പുഴ പട്ടണത്തിലെ വിനോദസഞ്ചാരത്തിനും ഭീഷണിയായി കഴുനായ് (നീര്‍നായ്) ശല്യം. 1972–ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത മൃഗമായതിനാല്‍ നാട്ടുകാര്‍ക്ക് അക്രമകാരികളായ ഇവയെ കൊല്ലാനാകില്ല.
വെള്ളത്തിലൂടെ അതിവേഗം ഊളിയിട്ടു പോകുന്നതിനാല്‍ അത്ര പെട്ടെന്നു പിടിക്കാനുമാകില്ല.അടുത്തകാലത്ത് ജലജീവികളായ കഴുനായ്‌ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. വളര്‍ത്തുമത്സ്യക്കുളങ്ങളില്‍ കഴുനായ്‌ക്കള്‍ കൂട്ടമായി ആക്രമണം നടത്തുന്നതിനാല്‍ വന്‍തോതില്‍ നഷ്ടവും സംഭവിക്കുന്നു. താറാവ്, കോഴി, മുയല്‍, ആട് തുടങ്ങിയവയ്‌ക്കു നേരേയും ആക്രമണ സാധ്യതയുണ്ട്.
മനുഷ്യരെ കടിച്ചു പരിക്കേല്‍പ്പിച്ചാല്‍ പേപ്പട്ടികള്‍ കടിച്ചാലുള്ള ചികിത്സയാണ് തേടേണ്ടി വരിക. എടത്വ, ചെക്കിടിക്കാട്, പാണ്ടി, തകഴി, നീരേറ്റുപുറം തുടങ്ങി ആലപ്പുഴ പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ വരെ നീര്‍നായ് ശല്യം ഉണ്ടാകുന്നതായി പറയുന്നു.
ഇതിനകം പലര്‍ക്കും കടിയേല്‍ക്കുകയും ചെയ്തു. പട്ടണപ്രദേശത്തെ ഇറച്ചിക്കടകളില്‍ നിന്നുള്ള മാംസാവശിഷ്ടം തോട്ടിലും മറ്റും കൊണ്ടിടുന്നതിനാലാണ് പട്ടണപ്രാന്തങ്ങളിലേക്കും ധാരാളമായി നീര്‍നായ്‌ക്കള്‍ എത്താന്‍ കാരണം. നീര്‍നായ്‌ക്കളുടെ ശല്യവും ആക്രമണവും വര്‍ദ്ധിച്ചാല്‍ വിനോദസഞ്ചാര മേഖലയ്‌ക്കും തിരിച്ചടിയാകും. ജലാശയങ്ങള്‍ക്കു സമീപമുള്ള ചതുപ്പുകളിലും പൊന്തകളിലും കുറ്റിക്കാടുകളിലുമാണ് സസ്തനിയും മാംസഭോജികളുമായ ഇവ പാര്‍ക്കുന്നത്.
വെള്ളത്തിലൂടെ നീന്തുകയും കരയിലൂടെ നാലുകാലില്‍ നടക്കുകയുമാണ് ചെയ്യുന്നത്. ഘ്രാണശക്തി കൂടുതലായതിനാല്‍ മീനുള്ളയിടങ്ങള്‍ പെട്ടെന്നു കണ്ടെത്തി ആക്രമിക്കുകയാണ് ചെയ്യുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രായപൂര്‍ത്തിയായ നീര്‍നായ്‌ക്കള്‍ക്ക് തലമുതല്‍ വാലിന്റെ അറ്റം വരെ ഏകദേശം ഒന്നര മീറ്റര്‍ നീളവും 15 കിലോഗ്രാം വരെ ഭാരവുമുണ്ടാകാം. പ്രായപൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷമെടുക്കും. അക്രമകാരികളായ ഇവയെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാരിനോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
















