മനൗസ്: ബ്രസീലിലെ മനൗസില്‍ ജയിലിലുണ്ടായ കലാപത്തില്‍ 60 തടവുകാര്‍ കൊല്ലപ്പെട്ടു. നിരവധി തടവുകാര്‍ക്കു പരിക്കേറ്റു. മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത്. 144 തടവുപുളളികള്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.
മയക്കുമരുന്ന സംഘങ്ങളില്‍പ്പെട്ട തടവുകാര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ജയിലിനുളളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു രാത്രി മുഴുവന്‍ സംഘര്‍ഷം നീണ്ടു നിന്നതായാണ് വിവരം.രക്തത്തില്‍ കുളിച്ചതും, കത്തിക്കരിഞ്ഞതുമായ മൃതദേഹങ്ങള്‍ ഒരു ജയിലിനുളളില്‍ കൂന കൂടിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആമസോണ്‍ പ്രോവിന്‍സിന്റെ തലസ്ഥാനത്താണ് ജയില്‍ സ്ഥിതി ചെയ്യുന്നത്. തടവുകാര്‍ നിറഞ്ഞുകവിഞ്ഞ ജയിലുകളാണ് ബ്രസീല്‍ അധികവുമുള്ളത്. വളരെ മോശമായ സ്ഥിതിയിലാണ് തടവുകാരെ പാര്‍പ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനുളളില്‍ ലാറ്റിനമേരിക്കയില്‍ നടന്നിട്ടുളള ജയില്‍ കലാപങ്ങളില്‍ ഏറ്റവും വലുതാണിതെന്ന് വിലയിരുത്തപ്പെടുന്നു. സംഭവത്തേത്തുടര്‍ന്ന് ജയിലില്‍ നിന്നു രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സായുധ പോലീസിന്റെ കനത്ത സുരക്ഷയിലാണ് ജയില്‍ ഇപ്പോള്‍. രക്ഷപ്പെട്ടവരില്‍ 40 പേരെ നേരത്തേ പിടികൂടിയിരുന്നു.
















