ന്യൂദല്‍ഹി: ഇന്ത്യന്‍ താരം സോംദേവ് ദേവ് വര്‍മ്മന്‍ പ്രൊഫണല്‍ ടെന്നീസില്‍നിന്നും വിരമിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സോംദേവ് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്. പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ടൂര്‍ണമെന്റുകളില്‍ നിന്ന് സോംദേവ് വിട്ടുനില്‍ക്കുകയായിരുന്നു.
ഈ വര്‍ഷം നടക്കുന്ന ചെന്നൈ ഓപ്പണില്‍നിന്നും നേരത്തെ തന്നെ പിന്‍വാങ്ങിയിരുന്നു. പുരുഷ സിംഗിള്‍സില്‍ രാജ്യത്തെ ഏറ്റവും മികച്ച താരമായിരുന്നു സോംദേവ്. രണ്ടുവര്‍ഷം മുമ്പ് യുഎസില്‍ സെബാസ്റ്റ്യന്‍ ഫാന്‍സ്ലോവിനെതിരെയാണ് സോംദേവ് അവസാനമായി കളിച്ചത്.
ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ സോംദേവ് 2010 ഗാംഗ്ഷു ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടി. 2009ല്‍ ചെന്നൈ ഓപ്പണിന്റെയും 2011ല്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണിന്റെയും ഫൈനലിലെത്തി സോംദേവ് എടിപി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
















