ഇസ്താംബൂള്‍: അവാര്‍ഡ് ജേതാവായ തുര്‍ക്കി നോവലിസ്റ്റ് അസ്‌ലി എര്‍ദോഗനെ നാലു മാസത്തെ ജയില്‍വാസത്തിനുശേഷം, വിട്ടയച്ചു. ഭീകരപ്രവര്‍ത്തകയെന്ന് മുദ്രകുത്തി അറസ്റ്റ്‌ചെയ്ത അസ്‌ലിയെ (49) വിചാരണയുടെ ആദ്യദിനമാണ് വിട്ടത്. നാളെ വിചാരണ തുടരും.
ഭാഷാവിദദ്ധ നെക്മിയെ ആല്‍പായ്, കുര്‍ദിഷ് അനുകൂല പത്രത്തിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ സനാകായ എന്നിവരെയും അസ്‌ലിക്കൊപ്പം വിട്ടയച്ചു. മൂവരും രാജ്യം വിടരുതെന്ന് ഉത്തരവുണ്ട്.
നിരോധിക്കപ്പെട്ട കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ അംഗമാണെന്നതാണ് അസ്‌ലിക്കെതിരായ കുറ്റം. ഭരണകൂടം പൂട്ടിയ കുര്‍ദിഷ് അനുകൂല പത്രമായ ‘ഒസ്ഗുര്‍ ഗുണ്ട’ത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിരുന്നു.
”എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല; ഒരു ഗുഹയിലേക്ക് എടുത്തെറിയുകയായിരുന്നു,” 132 ദിവസത്തിനുശേഷം പുറത്തിറങ്ങിയ അസ്‌ലി പറഞ്ഞു. വിചാരണയ്‌ക്കു മുന്‍പ് തടവില്‍വയ്‌ക്കുന്ന പതിവനുസരിച്ചാണ് പ്രമുഖ എഴുത്തുകാരിയായ അവരെ ബക്കിര്‍ക്കോയ് വനിതാ ജയിലില്‍ അടച്ചത്. കുറ്റക്കാരിയെന്നു കണ്ടാല്‍, അസ്‌ലിക്ക് ജീവപര്യന്തം ശിക്ഷ കിട്ടാം.
പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗനുമായി അസ്‌ലിക്ക് ബന്ധമൊന്നുമില്ല. എര്‍ദോഗന്‍ എന്ന പേര് തുര്‍ക്കിയില്‍ സാധാരണമാണ്. എന്താണ് ജയിലില്‍ നഷ്ടപ്പെട്ടത് എന്നു ചോദിച്ചപ്പോള്‍ അസ്‌ലി പറഞ്ഞു:”കടല്‍….. നൃത്തം, ശാസ്ത്രീയ സംഗീതം.”
ഇതേസമയം, പ്രതിപക്ഷ പത്രമായ ‘കും ഹുറിയത്തി’ലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ അഹ്മത് സികിനെ അറസ്റ്റ്‌ചെയ്തു.
‘ദ സിറ്റി ഇന്‍ ക്രിംസണ്‍ ക്ലോക്ക്’ ഉള്‍പ്പെടെ ജനം സ്വീകരിച്ച കുറേ നോവലുകള്‍ അസ്‌ലി എഴുതിയിട്ടുണ്ട്.
അറസ്റ്റിലായ അഹ്മത് സികും എഴുത്തുകാരനാണ്; 2014 ലെ യുനെസ്‌കോ/ ഗില്ലര്‍മോകാനോ സ്വാതന്ത്ര്യ സമ്മാനം നേടി. അമേരിക്കയില്‍ താവളമുള്ള മതഭീകരന്‍ ഫെതുള്ള ഗുലന്റെ സംഘത്തെപ്പറ്റിയുള്ള ‘ദ ഇമാംസ് ആര്‍മി’ ശ്രദ്ധേയമാണ്.
പ്രസിഡന്റ് എര്‍ദോഗന്റെ സുഹൃത്തായിരുന്ന ഗുലന്‍ ഇപ്പോള്‍ ശത്രുവാണ്. ഗുലന്റെ പടയാളിയാണ്, അടുത്തയിടെ റഷ്യന്‍ സ്ഥാനപതിയെ തുര്‍ക്കിയില്‍ വെടിവച്ചുകൊന്നതെന്നു കരുതപ്പെടുന്നു.
എഴുപതുകാരിയായ ആല്‍പായ് രാജ്യാന്തര പ്രശസ്തയായ ഭാഷാവിദഗ്ധയാണ്.
















