മെല്‍ബണ്‍: പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ മിസ്ബ ഉള്‍ ഹഖ് വിരമിക്കാനൊരുങ്ങുന്നു. സിഡ്‌നിയിലെ മൂന്നാം മത്സരത്തിനു മുന്‍പ് കളമൊഴിയാനാണ് താരം ആഗ്രഹിക്കുന്നതെന്നാണ് സൂചന. മെല്‍ബണില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിനാല്‍ നീക്കം.
പാക്കിസ്ഥാന്റെ മികച്ച ടെസ്റ്റ് നായകരിലൊരാളെന്നു പേരെടുത്ത മിസ്ബയ്‌ക്ക് പക്ഷേ, സമീപകാലത്ത് കനത്ത തിരിച്ചടി. ടീം തോല്‍ക്കുന്നതിനൊപ്പം റണ്‍ കണ്ടെത്താനും താരത്തിനാകുന്നില്ല. മെല്‍ബണില്‍ ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സെടുത്ത താരത്തിന് രണ്ടാമത്തേതില്‍ അക്കൗണ്ട് തുറക്കാനുമായില്ല.
വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് മത്സരശേഷം മിസ്ബ പറഞ്ഞു. ടീമിന് എന്തെങ്കിലും സംഭാവന നല്‍കാനാകുന്നില്ലെങ്കില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. സിഡ്‌നിക്കു മുന്‍പ് തീരുമാനമെടുത്തേക്കാം. അല്ലെങ്കില്‍ അടുത്ത പരമ്പരയ്‌ക്ക് മുന്‍പ്. കടിച്ചുതൂങ്ങി നില്‍ക്കാന്‍ താത്പര്യമില്ല, മിസ്ബ വ്യക്തമാക്കി. 48 ടെസ്റ്റുകളില്‍ പാക്കിസ്ഥാനെ നയിച്ച മിസ്ബ, 24 ജയം നേടി. 13 എണ്ണം തോറ്റു, പതിനൊന്നില്‍ സമനില.
















