റായ്‌പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിലെ സെമി ഫൈനല്‍ ലൈനപ്പായി. ഹൈദരാബാദിനെ 30 റണ്‍സിന് കീഴടക്കി മുംബൈയും ഒഡീഷയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ ഗുജറാത്തും സെമിയില്‍ കടന്നു. നേരത്തെ, തമിഴ്‌നാടും ഝാര്‍ഖണ്ഡും അവസാന നാലിലിടം നേടിയിരുന്നു. ജനുവരി ഒന്നു മുതല്‍ അഞ്ച് വരെ രാജ്‌കോട്ടിലും നാഗ്പൂരുമായി സെമി മത്സരങ്ങള്‍. ആദ്യ സെമിയില്‍ രാജ്‌കോട്ടില്‍ മുംബൈ, തമിഴ്‌നാടിനെ നേരിടുമ്പോള്‍, നാഗ്പൂരില്‍ ഗുജറാത്തും ഝാര്‍ഖണ്ഡും മുഖാമുഖം.
റായ്‌പൂരില്‍ അഭിഷേക് നായരുടെയും വിജയ് ഗോഹ്‌ലിയുടെയും അഞ്ച് വിക്കറ്റ് പ്രകടനങ്ങളാണ് മുംബൈക്ക് ജയമൊരുക്കിയത്. 232 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിനെ 201ല്‍ മടക്കി അഭിഷേകും വിജയും. സ്‌കോര്‍: മുംബൈ – 294, 217; ഹൈദരാബാദ് – 280, 201. രണ്ടിന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ അഭിഷേക് നായര്‍ കളിയിലെ താരം.
ഏഴിന് 121 എന്ന നിലയില്‍ ഇന്നലെ രണ്ടാമിന്നിങ്‌സ് തുടര്‍ന്ന ഹൈദരാബാദിന് നേരിയ പ്രതീക്ഷ നല്‍കിയത് ബി. അനിരുദ്ധിന്റെ തകര്‍പ്പന്‍ പ്രകടനം. 84 റണ്‍സുമായി പുറത്താകാതെ നിന്ന അനിരുദ്ധ് ഹൈദരാബാദിന് ജയം സമ്മാനിക്കുമെന്ന് കരുതി. 40 റണ്‍സുമായാണ് അനിരുദ്ധ് ഇന്നലെ ബാറ്റിങ് തുടങ്ങിയത്. എട്ടാം വിക്കറ്റില്‍ സി.വി. മിലിന്ദിനൊപ്പം (29) 64 റണ്‍സ് ചേര്‍ത്തു അനിരുദ്ധ്. മിലിന്ദ് മടങ്ങിയതോടെ അവരുടെ പ്രതീക്ഷയും അവസാനിച്ചു. ഇന്നു വീണ മൂന്നു വിക്കറ്റുകളും അഭിഷേക് സ്വന്തമാക്കി.
ഗുജറാത്ത് ഓപ്പണര്‍ സമിത് ഗോഹലിന്റെ (359 നോട്ടൗട്ട്) ട്രിപ്പിള്‍ സെഞ്ചുറിയാണ് ഗുജറാത്ത്-ഒഡീഷ മത്സരത്തിന്റെ സവിഷേത. എട്ടിന് 514 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടര്‍ന്ന ഗുജറാത്ത് സമിതിന്റെ ട്രിപ്പിളിനായി കാത്തുനിന്നു. 261ല്‍ ബാറ്റിങ് തുടര്‍ന്ന ഇദ്ദേഹം ഇന്നലെ 98 റണ്‍സ് നേടി. ഒടുവില്‍ 641ല്‍ ഗുജറാത്ത് പുറത്താകുമ്പോഴും ഓപ്പണര്‍ അപ്രതിരോധ്യനായി നിന്നു. 723 പന്തില്‍ 45 ഫോറും ഒരു സിക്‌സറും നേടി ഇദ്ദേഹം. 706 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒഡീഷ കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സില്‍. ജസ്പ്രീത് ബുംറയകളിയിലെ താരം. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്തു ബുംറ. സ്‌കോര്‍: ഗുജറാത്ത് – 263, 641; ഒഡീഷ – 199, 81/1.
















