തിരുവനന്തപുരം: അച്ചടക്കരഹിതമായി പെരുമാറിയെന്ന പരാതിയില്‍ കേരളത്തിന്റെ മുന്‍ രഞ്ജി ക്യാപ്റ്റന്‍ സഞ്ജു സാംസണെതിരെ കടുത്ത നടപടി ഉണ്ടാവില്ല.
തന്റെ പെരുമാറ്റത്തില്‍ പിഴവുണ്ടായെന്നു സമ്മതിച്ച് സഞ്ജു ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്നാണ് കടുത്ത നടപടി വേണ്ടെന്ന ധാരണയില്‍ കെസിഎ നിയോഗിച്ച ടി.ആര്‍.ബാലകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ അച്ചടക്കസമിതി എത്തിച്ചേര്‍ന്നത്. ഇന്നലെ സഞ്ജുവില്‍ നിന്നും മൊഴിയെടുത്ത സമിതി തങ്ങളുടെ ശുപാര്‍ശ കെസിഎയ്‌ക്ക് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കെസിഎ സെന്‍ട്രല്‍ കമ്മിറ്റിയാവും തീരുമാനം പ്രഖ്യാപിക്കുക.
മാനസികമായ സമ്മര്‍ദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്താണ് സഞ്ജുവിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി ഉണ്ടായതെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
സഞ്ജുവിന്റെ കരിയറിനെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനവും ഉണ്ടാവില്ലെന്ന് തെളിവെടുപ്പിന് ശേഷം സമിതി അധ്യക്ഷന്‍ ടി.ആര്‍.ബാലകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവിനെ ഫോണില്‍വിളിച്ച് അസഭ്യം പറഞ്ഞുവെന്ന ആരോപണത്തില്‍ സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണില്‍ നിന്നും അച്ചടക്ക സമിതി വിശദീകരണം തേടി. സഞ്ജുവിന്റെ പിതാവിന്റെ ഇടപെടലിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെസിഎ തീരുമാനിച്ചേക്കും.
ഗോവയ്‌ക്കെതിരെ മുംബൈയില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ അച്ചടക്കരഹിതമായി പെരുമാറിയെന്നായിരുന്നു സഞ്ജുവിനെതിരായ പരാതി. ഗോവയ്‌ക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു, ഡ്രസിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിച്ചെന്നും ശേഷം ആരോടും പറയാതെ റൂം വിട്ടുപോയെന്നുമാണ് പ്രധാന ആരോപണം.
















