മുംബൈ: പ്രമുഖരെ ലേലത്തില്‍ വയ്‌ക്കുന്നു ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. പരിക്കും ഫോമില്ലായ്‌മയും മൂലം വിഷമിക്കുന്നവരെയാണ് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കുന്നത്. പ്രമുഖരെ നിലനിര്‍ത്തുന്ന പതിവ് വേണ്ടെന്നു വയ്‌ക്കുന്നു ടീമുകള്‍. അടുത്ത ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടു.
ഇത്തവണ കൂടുതല്‍ പേരെ ഒഴിവാക്കിയത് കഴിഞ്ഞ തവണ അരങ്ങേറിയ പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്. എം.എസ്. ധോണി നയിക്കുന്ന ടീം 11 പേരെ ഒഴിവാക്കി. പരിക്കു മൂലം ഇടയ്‌ക്കു മടങ്ങിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ അവരില്‍ പ്രമുഖന്‍. ജോര്‍ജ് ബെയ്ലി, ആല്‍ബി മോര്‍ക്കല്‍, തിസര പെരേര, ഇഷാന്ത് ശര്‍മ, ആര്‍.പി. സിങ്, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയവരുമില്ല. കഴിഞ്ഞ തവണ അരങ്ങേറിയ ഗുജറാത്ത് ലയണ്‍സും പിശുക്ക് കാട്ടിയില്ല. സുരേഷ് റെയ്‌ന നയിക്കുന്ന ടീം എട്ടു പേരെ കൈവിട്ടു. പരിക്കു മൂലം കളത്തില്‍ നിന്നു വിട്ടു നല്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ഇവരിലെ പ്രമുഖന്‍.
ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇയാന്‍ മോര്‍ഗന്‍, ട്രെന്റ് ബൗള്‍ട്ട് എന്നിവരെ ലേലത്തിന് വിട്ടു. ആദിത്യ താരെയും കരണ്‍ ശര്‍മയും ഇക്കൂട്ടത്തില്‍. ആറു പേരെയാണ് അവര്‍ ഒഴിവാക്കിയത്. കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായ കിങ്‌സ് ഇലവന്‍ പഞ്ചാബ് നാലു പേരെ ഒഴിവാക്കി. മിച്ചല്‍ ജോണ്‍സണ്‍, കൈല്‍ അബോട്ട് എന്നിവര്‍ പട്ടികയില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മോണി മോര്‍ക്കല്‍, ബ്രാഡ് ഹോഗ്, ജെയ്‌സണ്‍ ഹോള്‍ഡര്‍, ഷോണ്‍ ടെയ്റ്റ് ഉള്‍പ്പെടെ ഒമ്പത് പേരെ ലേലത്തില്‍ വയ്‌ക്കും.
മുംബൈ ഇന്ത്യന്‍സും മോശമാക്കിയില്ല. കോറി ആന്‍ഡേഴ്‌സണ്‍, ഉന്‍മുക്ത് ചന്ദ്, മാര്‍ട്ടിന്‍ ഗുപ്ടില്‍, ജെറോം ടെയ്‌ലര്‍ അടക്കം എട്ടു പേരെ ഒഴിവാക്കി. നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, ഇമ്രാന്‍ താഹിര്‍, പവന്‍ നേഗി എന്നിവരുള്‍പ്പെടെ ഏഴു പേരെ ദല്‍ഹി ഡെയര്‍ഡെവിള്‍സ് പുറത്താക്കി. കഴിഞ്ഞ തവണ വലിയ വില നല്‍കിയാണ് നേഗിയെ ദല്‍ഹി സ്വന്തമാക്കിയത്. അതിനൊത്ത പ്രകടനം താരത്തില്‍ നിന്നുണ്ടായില്ല. പത്ത് പേരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കിയത്. വരുണ്‍ ആറോണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, പര്‍വേസ് റസൂല്‍, ക്രിസ് ജോര്‍ദന്‍, ഡേവിഡ് വീസ് തുടങ്ങിയവര്‍ പട്ടികയില്‍.
മലയാളി താരങ്ങളെ ടീമുകള്‍ നിലനിര്‍ത്തി. ദല്‍ഹിയിലെ സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, റോയല്‍ ചലഞ്ചേഴ്‌സിലെ സച്ചിന്‍ ബേബി എന്നിവര്‍ക്ക് ഈ സീസണിലും അതേ ടീമിന്റെ ഭാഗമാകാം.
















