രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്കു കയറി. ആര്‍. അശ്വിനാണ് ഒന്നാമത്. ഇതോടെ, 42 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യാക്കാര്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. 1974ല്‍ ബിഷന്‍ സിങ് ബേദിയും ബി.എസ്. ചന്ദ്രശേഖറുമാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
ചെന്നൈ ടെസ്റ്റിലെ പ്രകടനമാണ് ജഡേജയെ മുന്നിലേക്കു നയിച്ചത്. 66 പോയിന്റോടെ അശ്വിനേക്കാള്‍ എട്ടു പോയിന്റ് മാത്രം പിന്നില്‍. ഇടംകൈയന്‍ സ്പിന്നറുടെ കുതിപ്പില്‍ രംഗന ഹെറാത്ത്, ഡെയ്ല്‍ സ്റ്റെയ്ന്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ പിന്നിലായി. ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മ രണ്ട് സ്ഥാനം കയറി 23ലെത്തി. ഓള്‍റൗണ്ടര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു ജഡേജ. ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ പ്രകടനം തുണച്ചു. അശ്വിനാണ് ഈ വിഭാഗത്തിലും ഒന്നാമത്. ഷാക്കിബ് അല്‍ ഹസന്‍ രണ്ടാമത്. ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി നാല്, അഞ്ച് സ്ഥാനങ്ങളില്‍.
ബാറ്റ്‌സമാന്മാരുടെ റാങ്കിങ്ങില്‍ മാറ്റമില്ല. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാമത്, വിരാട് കോഹ്‌ലി രണ്ടാമത്. ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, ഹാഷിം അംല, എ.ബി. ഡിവില്ലേഴ്‌സ് തുടര്‍ സ്ഥാനങ്ങളില്‍. ബാറ്റ്‌സ്മാന്മാരില്‍ നേട്ടം കെ.എല്‍. രാഹുലിനും കരുണ്‍ നായര്‍ക്കും. ചെന്നൈയിലെ പ്രകടനം രാഹുലിനെ 51ലെത്തിച്ചപ്പോള്‍, കരുണിനെ 122 സ്ഥാനം കയറ്റി 55ലെത്തിച്ചു. ഇരുവരും കരിയറിലെ മികച്ച റാങ്കിങ്ങില്‍.
















