പെണ്‍കുട്ടികളുടെ 10 കിലോമീറ്റര്‍ സ്ക്രാച്ചില്‍ കേരളത്തിന്റെ ലിഡിയമോള്‍ എം. സണ്ണി സ്വര്‍ണത്തിലേക്ക്. വെള്ളി നേടിയ വി. രജനി (വലത് )-ജന്മഭൂമി
തിരുവനന്തപുരം: കേരള സൈക്ലിങ് അസോസിയേഷന് സംഘടിപ്പിക്കുന്ന ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് കാര്യവട്ടം എല്‍എന്‍സിപി വെലോഡ്രോമില്‍ തുടക്കം. എട്ടിനങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലവും നേടി 23 പോയിന്റോടെ കേരളം മുന്നില്‍. 22 പോയിന്റുമായി മണിപ്പൂര്‍ തൊട്ടുപിന്നില്‍. ഏഴ് പോയിന്റ് നേടിയ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ മൂന്നാംസ്ഥാനത്ത്. മണിപ്പൂരിന്റെ ദൈനാ ദേവി ആദ്യ ദിനത്തില്‍ ഇരട്ട സ്വര്‍ണമണിഞ്ഞു.
കേരളത്തിന്റെ സ്വര്ണവേട്ടയോടെയാണ് മത്സരത്തിന് തുടക്കമായത്. 10 കിലോമീറ്റര്‍ സ്ക്രാച്ച് റേസ് ബോയിസ് അണ്ടര്‍ 18 മത്സരത്തില്‍ 15:09:455 ല്‍ ഫിനിഷ് ചെയ്ത് കേരത്തിന്റെ അഭിജിത് യു.എസ്. മീറ്റിലെ ആദ്യ സ്വര്‍ണം നേടി. കേരളത്തിന്റെ തന്നെ അനന്ദു. എയ്ക്ക് വെള്ളി. ഇതേവിഭാഗം ആറു കിലോമീറ്ററില്‍ കേരളത്തിന്റെ അലീനാ റജി (12.07.674) സ്വര്‍ണം നേടി. മണിപ്പൂരിന്റെ ഐ. മാഷൈ്വബി ദേവി രണ്ടാമത്, കേരളത്തിന്റെ വിദ്യ.ജി.എസിന് വെങ്കലം.
വനിതകളുടെ 10 കി. മീറ്ററില്‍ കേരളത്തിന്റെ ദേശീയതാരം ലിഡിയ മോള്.എം.സണ്ണി (26.18934) സ്വര്‍ണം നേടി. കേരളത്തിന്റെതന്നെ രജനി.വിക്ക് വെള്ളി. ഇരുവരും നാഷണല്‍ ഗെയിംസില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയിരുന്നു. നാലു കിലോമീറ്റര്‍ പെണ്‍കുട്ടികളില്‍ മണിപ്പൂരിന്റെ ദൈനാ ദേവി ഒന്നാമത്, കര്‍ണാടകയുടെ ദാനമ്മാ ചിഞ്ചഖാന്ദി രണ്ടാമത്, ആസാമിന്റെ ജോയ്ശ്രീ ഗോഗോയ് മൂന്നാമത്. 15 കിമീ സ്ക്രാച്ച് റേസ് പുരുഷ വിഭാഗത്തില്‍ എസ്എസ്സിബിയുടെ സത്ബീര്‍സിങ് സ്വര്‍ണം നേടി. ആര്‍എസ്പിബിയുടെ സി. രാജേഷിന് വെള്ളി, തെലങ്കാനയുടെ അഭിനന്ദന് ഫോസ്ലേയ്ക്ക് വെങ്കലം.
ആണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ 500 മീ. വ്യക്തിഗത ടൈം ട്രയലില്‍ മണിപ്പൂരിന്റെ വൈ. റോജിത് സിങ് സ്വര്‍ണവും രാജസ്ഥാന്റെ മാന്ന് സിങ് ചാന്ദി വെള്ളിയും മണിപ്പൂരിന്റെ റൊണാള്‍ഡോ ലയ്തോഞ്ചം വെങ്കലവും നേടി. ഇതേവിഭാഗം പെണ്‍കുട്ടികളില്‍ മണിപ്പൂരിന്റെ ദൈനാ ദേവി സ്വര്‍ണവും ആസാമിന്റെ രാജശ്രീ ഗോഗോയ് വെള്ളിയും ആന്റമാന് ആന്‍ഡ് നിക്കോബാറിന്റെ എന്‍. നികിത വെങ്കലവും നേടി.
ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു. വിവിധ കാറ്റഗറികളിലായി നാല്പതിലേറെ മല്‍സരങ്ങളാണ് അരങ്ങേറുന്നത്.
തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ. പ്രശാന്ത് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള സൈക്ലിങ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.വി.കെ. ഹരികുമാര്‍ അധ്യക്ഷനായിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി. മോഹനന്, സിഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വി.എന്‍. സിങ്, കെസിഎ സെക്രട്ടറി എസ്.എസ്. സുധീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: