കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണ്‍ ഞായറാഴ്ച രാത്രി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കൊടിയിറങ്ങി. ആദ്യമായി കിരീടം നേടാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹങ്ങളെ ഷൂട്ടൗട്ടില്‍ തല്ലിക്കെടുത്തി അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കിരീടം ഉയര്‍ത്തുകയും ചെയ്തു. മൂന്നു വയസ്സ് മാത്രമായ ഐഎസ്എല്ലില്‍ അവരുടെ രണ്ടാം കിരീടം. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ചതിനാലാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന കിക്കെടുത്ത സെഡ്രിക് ഹെങ്ബര്‍ട്ടിന്റെ ഷോട്ട് കാലുകൊണ്ട് തടുത്തിട്ട് ഇന്ത്യന്‍ ഗോളി ദേബ്ജിത് മജുംദാര്‍ കൊല്‍ക്കത്തയുടെ ഹീറോയുമായി.
എന്നാല്‍ ഫൈനല്‍ പോരാട്ടം ശരാശരി നിലവാരത്തിലേക്കു പോലും ഉയര്‍ന്നില്ല എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. സ്‌റ്റേഡിയത്തിലെത്തിയ അരലക്ഷത്തിലേറെ ആരാധകര്‍ക്ക് നല്ലൊരു മുഹൂര്‍ത്തം പോലും നല്‍കാന്‍ കഴിയാതെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ കളിച്ചത്. ഇരുടീമുകളും പ്രതിരോധ ഗെയിം കളിക്കുകയും ചെയ്തതോടെ കളി പലപ്പോഴും വിരസമാവുകയും ചെയ്തു. രണ്ടര മാസം നീണ്ട ഫുട്‌ബോള്‍ മാമാങ്കത്തില്‍ ലോകോത്തരമായ ചില മത്സരങ്ങളും ഗോളുകളും കാണാന്‍ കഴിഞ്ഞു.
ഈ വര്‍ഷം മൂന്ന് ഹാട്രിക്കുകള്‍ ഉള്‍പ്പെടെ 61 കളികളില്‍ നിന്ന് 145 ഗോളുകളാണ് പിറന്നത്. ബ്ലാസ്‌റ്റേഴ്‌സിനെതിരെ മുംബൈയുടെ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ്‌സിയുടെ ഡുഡു, എഫ്‌സി ഗോവക്കെതിരെ ഡൈനാമോസിന്റെ മാഴ്‌സെലീഞ്ഞോ എന്നിവരാണ് ഇത്തവണത്തെ ഹാട്രിക്കിന് അവകാശികള്‍. കഴിഞ്ഞ വര്‍ഷം ഇത്രയും കളികളില്‍ നിന്ന് എട്ട് ഹാട്രിക്ക് ഉള്‍പ്പെടെ 186 ഗോളുകളാണ് പിറന്നത്.
ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരം എഫ്‌സി ഗോവ-ചെന്നൈയിന്‍ എഫ്‌സി പോരാട്ടമായിരുന്നു. ഡിസംബര്‍ ഒന്നിന് ഫട്ടോര്‍ദയില്‍ നടന്ന മത്സരത്തില്‍ 9 ഗോളുകളാണ് ഉണ്ടായത്. ഏറ്റവും മികച്ച ഹോം ഗ്രൗണ്ട് വിജയം മുംബൈ സിറ്റി എഫ്‌സിക്ക്. നവംബര്‍ 19ന് ബ്ലാസ്‌റ്റേഴ്‌സിനെതിരെ 5-0. എവേ മത്സരത്തില്‍ ഏറ്റവും മികച്ച വിജയം നേടിയത് ദല്‍ഹി ഡൈനാമോസ്. ഒക്ടോബര്‍ ആറിന് നടന്ന കൡയില്‍ 3-1നായിരുന്നു ചെന്നൈയിനെതിരെ ദല്‍ഹിയുടെ വിജയം.
ഏറ്റവും കൂടുതല്‍ കാണികള്‍ സ്‌റ്റേഡിയത്തിലെത്തി കണ്ട മത്സരം കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സും ദല്‍ഹി ഡൈനാമോസും തമ്മില്‍ ഒക്ടോബര്‍ 9ന് നടന്നത് എന്നാണ് ഔദ്യോഗിക കണക്ക്. 54,913 പേരാണ് അന്ന് സ്‌റ്റേഡിയത്തിലെത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിനേക്കാളൊക്കെ എത്രയോ അധികമാണ് ഡൈനാമോസുമായുള്ള ആദ്യപാദ സെമിക്കും അത്‌ലറ്റികോക്കെതിരായ ഫൈനലിനും സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഫിഫയുടെ നിര്‍ദ്ദേശാനുസരണം നടക്കുന്ന ടൂര്‍ണമെന്റായതിനാലാണ് കാണികളുടെ എണ്ണത്തില്‍ സംഘാടകര്‍ക്ക് കള്ളക്കണക്ക് അവതരിപ്പിക്കേണ്ടി വന്നത് എന്നാണ് പിന്നാമ്പുറ സംസാരം. ഫിഫയുടെ കണക്കു പ്രകാരം 55,000മാണ് സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി. ഒമ്പത് കളികളിലായി കൊച്ചി സ്‌റ്റേഡിയത്തില്‍ വന്ന് ആരാധകര്‍ കാല്‍പ്പന്തുകളി കണ്ടത് ഔദ്യോഗിക കണക്കുപ്രകാരം 444,087 പേര്‍.
പ്രാഥമിക റൗണ്ടില്‍ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന ബഹുമതി ദല്‍ഹി ഡൈനാമോസിന്. 14 കളികളില്‍ നിന്ന് 27 എണ്ണം. രണ്ട് സെമിയും കൂടി ചേരുമ്പോള്‍ 16 കളികളില്‍ 29 എണ്ണം. വഴങ്ങിയത് ആകെ 18. ഏറ്റവും കുറച്ച് ഗോള്‍’വഴങ്ങിയത് മുംബൈ സിറ്റി. 8 എണ്ണം. കൂടുതല്‍ വഴങ്ങിയത് ചെന്നൈയിനും ഗോവയും. 25 വീതം.
ടൂര്‍ണമെന്റില്‍ 15 കളികളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ ദല്‍ഹി ഡൈനാമോസിന്റെ മാഴ്‌സെലീഞ്ഞോ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ഒപ്പം അഞ്ച് ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. 14 കളികളില്‍ നിന്ന് 7 എണ്ണം നേടിയ കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂം രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളില്‍ ടോപ്‌സ്‌കോറര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സി.കെ. വിനീത്. ഒമ്പത് കളികൡനിന്ന് അഞ്ച്‌ഗോളുകള്‍.
ഹീറോ ഓഫ് ദി ലീഗ് ബഹുമതി ദല്‍ഹിഡൈനാമോസിന്റെ ഫ്രഞ്ച് സൂപ്പര്‍താരം ഫ്‌ളോറന്റ് മലൂദക്കും ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം മുംബൈസിറ്റിയുടെ അമരിന്ദര്‍ സിങ്ങിനും എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് ചെന്നൈയിന്‍ എഫ്‌സിയൂടെ ജെറി ലാല്‍റിന്‍സുവാലക്കും ഫിറ്റസ്റ്റ് പ്ലയര്‍ ഓഫ് ലീഗ് ബഹുമതി അത്‌ലറ്റികോയുടെ ബോര്‍ജ ഫെര്‍ണാണ്ടസും സ്വന്തമാക്കി. ഫെയര്‍ പ്ലേ അവാര്‍ഡ് ചെന്നൈയിന്‍ എഫ്‌സിക്കാണ്.
ഇനി അല്പം പിന്നാമ്പുറം… ഐഎസ്എല്‍ മൂന്നാം സീസണും ഉജ്ജ്വലമായി സമാപിച്ചുവെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്, അല്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതുകൊണ്ട് എന്തു നേട്ടമുണ്ടായി എന്നതിനെക്കുറിച്ച് ചിന്തിക്കണം. ലോകപ്രസിദ്ധരായ കുറച്ചു താരങ്ങള്‍ക്കൊപ്പം കുറച്ചു മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറം പ്രത്യേകിച്ച് ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു ഗുണവുമുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അതിന് ഐഎസ്എല്ലിലെ ചില കോച്ചുമാരുടെ പ്രതികരണം തന്നെ സാക്ഷി. ഐഎസ്എല്ലില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളെ അണിനിരത്തി ഒരു ടീമുണ്ടാക്കി ലോക റാങ്കില്‍ 100ന് മുകളിലുള്ള ഏതെങ്കിലും ഒരു ടീമിനോട് കളിച്ചാല്‍ ഇതിന് വ്യക്തമായ ഉത്തരം കിട്ടും.
രണ്ടര മാസം കൊണ്ട് അവസാനിക്കുന്ന ലീഗിന് പകരം യൂറോപ്യന്‍ ലീഗുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ 10 മാസമെങ്കിലും നീളുന്നതായിരിക്കണം ടൂര്‍ണമെന്റ്. ഇതിന് എട്ട് ടീമുകളുടെ പങ്കാളിത്തം മാത്രം പോരാ. 16 ടീമുകളെങ്കിലും വേണം. ഒപ്പം കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീമില്‍ അവസരം ഉറപ്പുവരുത്തുകയും വേണം. ഇപ്പോള്‍ ആദ്യ ഇലവനില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് കളിക്കാന്‍ അവസരം ലഭിക്കുന്നത്.
ഇത് മാറി ആറോ ഏഴോ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ അവസരം നല്‍കണം. പിന്നെ കളിക്കളത്തില്‍ നിന്നു വിരമിച്ച മുന്‍ ലോക സൂപ്പര്‍ താരങ്ങള്‍ക്കു പുറമെ ഇപ്പോള്‍ യൂറോപ്പിലെ പ്രമുഖ ലീഗുകൡ കളിക്കുന്ന വിദേശതാരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ ടീം തയ്യാറാകണം. എങ്കിലേ ഐഎസ്എല്‍ കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണമുണ്ടാകൂ.
















