ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ വഴിപാടിനായി കരുണ്‍നായര്‍ എത്തിയപ്പോള്‍ ( ഫയല്‍ ചിത്രം)
പത്തനംതിട്ട: ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ കരുണ്‍നായര്‍ക്ക് തുണയായത് തിരുവാറന്മുള പാര്‍ത്ഥസാരഥിയുടെ അനുഗ്രഹമെന്ന് കുടുംബാംഗങ്ങള്‍.
ചെന്നെയില്‍ നടക്കുന്ന ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ് ട്രിപ്പിള്‍ സെഞ്ചുറിയുമായി കരുണ്‍ രാജ്യത്തിന്റേയും മലയാളികളുടേയും അഭിമാനതാരമായത്. നാടുമായി ഏറെ ബന്ധമില്ലാത്ത കരുണ്‍നായരുടെ മാതാപിതാക്കള്‍ ഏറെക്കാലമായി ബെംഗളൂരുവിലാണ് താമസം. അമ്മ പ്രേമയുടെ വീട് ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേലും അച്ഛന്‍ കലാധരന്‍നായരുടെ വീട് മാലക്കരയിലുമാണ്.
ചെങ്ങന്നൂര്‍ കരുണഗിരിയിലാണ് അമ്മ പ്രേമയുടെ കുടുംബമെങ്കിലും ഈ വീട് ഇപ്പോഴില്ല. സഹോദരി ലതയും ഭര്‍ത്താവ് രാജീവ് ചന്ദ്രനും ചെങ്ങന്നൂര്‍ ഐടിഐ ജംങ്ഷന് സമീപമാണ് താമസിക്കുന്നത്. കരുണ്‍നാട്ടിലെത്തിയാല്‍ ഇവിടെയാണ് കഴിയുന്നത്. ചെറുപ്പത്തില്‍ വീടിന് സമീപമുള്ള മൈതാനത്താണ് കരുണ്‍ ആദ്യമായി ബാറ്റുവീശിയതെന്ന് ചെറിയമ്മ ലത ഓര്‍ക്കുന്നു. ഇപ്പോഴത്തെ നേട്ടത്തിന് പിന്നില്‍ ആറന്മുള പാര്‍ത്ഥസാരഥിയുടെ അനുഗ്രഹമാണെന്നും ഈ കുടുംബം ആവര്‍ത്തിക്കുന്നു.
ആറന്മുളയുടേയും പള്ളിയോടങ്ങളുടേയും ആരാധകന്‍കൂടിയാണ് കരുണ്‍നായര്‍. കഴിഞ്ഞ ജുലൈ 17ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ വഴിപാട് നടത്താന്‍ ബാംഗ്ലൂരില്‍ നിന്നും കരുണ്‍ എത്തിയിരുന്നു. കീഴ്‌ച്ചേരിമേല്‍ പള്ളിയോടത്തിനാണ് അന്ന് വഴിപാട് നടത്തിയത്. ഇതിനായാണ് അടുത്തകാലത്ത് കരുണ്‍ നാട്ടിലെത്തിയത്.
















