കൊച്ചി: ടിക്കറ്റ് കിട്ടാത്തവര്‍ പ്രവേശന കവാടം തകര്‍ത്ത് സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ ലാത്തിവീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫൈനല്‍ വീക്ഷിക്കാന്‍ നിറഞ്ഞൊഴുകിയ ആരാധകരെ നിയന്ത്രിക്കാനാവാതെ പോലീസ് നിരവധി തവണയാണ് ലാത്തിവീശിയത്.
55,000 ത്തോളം പേര്‍ക്കുള്ള സീറ്റിങ് കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനെങ്കിലും ഒരു ലക്ഷത്തോളം പേര്‍ ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് എത്തി. എന്നാല്‍, ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവരില്‍ പകുതിയിലധികം പേരും നിരാശരായി സ്റ്റേഡിയത്തിനു പുറത്ത് ആരവം തീര്‍ത്തു. ടിക്കറ്റ് ലഭിക്കാത്തവരില്‍ ചിലര്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധവും നടത്തി.
പ്രതിഷേധക്കാരെ ഭയന്ന് രാവിലെ മുതല്‍ തന്നെ പോലീസ് സന്നാഹം സ്റ്റേഡിയത്തിലുണ്ടായിരുന്നു. നിരവധി തവണ പറഞ്ഞുവിട്ടെങ്കിലും പോലീസ് മാറിക്കഴിയുമ്പോള്‍ ഇവര്‍ വീണ്ടുംകൂട്ടത്തോടെ മടങ്ങിവന്നു. ടിക്കറ്റ് ലഭിക്കാത്തവന്‍ സ്റ്റേഡിയത്തിനു സമീപത്തു നിന്നു പോകണമെന്നാവശ്യപ്പെട്ട് പോലീസിന്റെ നേതൃത്വത്തില്‍ നിരവധി തവണ വാഹനത്തിലും അല്ലാതെയും അനൗണ്‍സ് ചെയ്തു. എന്നിട്ടും ഇത് കേള്‍ക്കാതെ വീണ്ടും തടിച്ചുകൂടിയവരെ പോലീസ് വിരട്ടിയോടിച്ചു.
എന്നാല്‍, ഈ സമയത്തും സ്റ്റേഡിയത്തിനു സമീപം കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന തകൃതി. 3.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. തിരക്ക് കൂടിയതോടെ അരമണിക്കൂര്‍ മുന്‍പ് ഗേറ്റുകള്‍ തുറന്നു. 4.30 ഓടെ സ്റ്റേഡിയം നിറഞ്ഞു. പത്തും പതിനഞ്ചും ഇരട്ടി തുക കൊടുത്ത് കരിഞ്ചന്തയില്‍ വാങ്ങിയ പലരും കബൡക്കപ്പെടുകയും ചെയ്തു. പലര്‍ക്കും കിട്ടിയത് വ്യാജ ടിക്കറ്റുകളായിരുന്നു.
















