കൊച്ചി: ആദ്യമായി വിരുന്നെത്തിയ ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. ഔദ്യോഗിക കണക്കുകളുമൊന്നുമല്ല സ്റ്റേഡിയത്തിലെത്തിയതെന്ന് യാഥാര്‍ത്ഥ്യം.
ഫൈനല്‍ കാണാന്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്. പതിനായിരക്കണക്കിന് ഫുട്‌ബോള്‍ സ്‌നേഹികളാണ് ടിക്കറ്റ് കിട്ടാതെ സ്‌റ്റേഡിയത്തിന് പുറത്ത് അലഞ്ഞുനടന്നത്.
ശനിയാഴ്ച നഗരത്തിലെത്തി ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുത്തു താമസിച്ചവരും കുറവല്ല. ഇതോടെ ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ സ്റ്റേഡിയം പരിസരത്ത് ഉത്സവ പ്രതീതിയായിരുന്നു. ആവേശ പ്രകടനങ്ങളുമായി തിങ്ങി നിറഞ്ഞ ആരാധകര്‍ താരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും ബ്ലാസ്റ്റേഴ്‌സ് പതാക വീശിയും മഞ്ഞപ്പടയുടെ ഹൃദയ താളമായി മാറി. സ്‌റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം മഞ്ഞക്കുപ്പായക്കാരെക്കൊണ്ട് നിറഞ്ഞു.
വൈകുന്നേരം നാലായതോടെ കൊച്ചി സ്‌റ്റേഡിയം ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലായി മാറി. മഞ്ഞക്കുപ്പായവും ബ്ലാസ്‌റ്റേഴ്‌സിന്റെ ചിഹ്നം മുഖത്തും ശരീരത്തും പതിപ്പിച്ച് തലയില്‍ മഞ്ഞത്തുണി ചുറ്റി എത്തിയ ആരാധകരുടെ ആരവങ്ങളും അന്തരീക്ഷത്തില്‍ നിലയ്‌ക്കാതെ അലയടിച്ചു. വാദ്യോപകരണങ്ങള്‍ ഒന്നും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ചെറിയ വിസിലുകള്‍ മുതല്‍ വുവുസേലകള്‍ വരെ വില്‍പ്പനക്കുണ്ടായിരുന്നു.
ഏറ്റവും കൂടുതല്‍ ആരാധകര്‍ എത്തിയത് മലബാര്‍ മേഖലയില്‍ നിന്ന്. ഇവരില്‍ ഏറെ പേരും ടിക്കറ്റ് കിട്ടാതെ നിരാശരായി സ്‌റ്റേഡിയത്തിന് പുറത്ത് കറങ്ങിനടന്നു. കരിഞ്ചന്തയില്‍ ആയാല്‍ പോലും ടിക്കറ്റ് വാങ്ങാന്‍ തയ്യാറായിട്ടായിരുന്നു ഇവരെല്ലാം നിന്നിരുന്നത്. ടിക്കറ്റ് ലഭിച്ചവര്‍ പ്രവേശന കവാടത്തിലൂടെ അകത്തേക്ക് കടക്കുന്നതിന് തിരക്കു കൂട്ടിയപ്പോള്‍, ടിക്കറ്റ് ലഭിക്കാത്തവര്‍ പ്രതീക്ഷയോടെ സ്‌റ്റേഡിയത്തിന് സമീപങ്ങളില്‍ ചുറ്റിപ്പറ്റി നിന്നെങ്കിലും നിരാശയായിരുന്നു ഫലം. സ്‌റ്റേഡിയത്തിന് ചുറ്റും കൂടിയവരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപ്പെട്ടു.
ഫൈനല്‍ മത്സരത്തിന്റെ കാണികളെ നിയന്ത്രിക്കുന്നതിനും സുരക്ഷയ്‌ക്കുമായി 1,400 പോലീസുകാരാണ് സ്‌റ്റേഡിയത്തിനകത്തും പുറത്തുമായി വിന്ന്യസിച്ചത്. കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കായിരുന്നു സുരക്ഷാ ചുമതല. രാവിലെ മുതല്‍ സ്‌റ്റേഡിയത്തിലേക്കുള്ള വഴികളില്‍ പോലീസ് ബാരിക്കേഡുകള്‍വച്ച് ഗതാഗതം നിയന്ത്രിച്ചു.
















